rooster

ഹൈദരാബാദ്: തെലങ്കാനയിൽ കോഴിപ്പോരിനിടെയുണ്ടായ അപകടത്തിൽ കോഴിയുടെ ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിയും പരിപാടിയുടെ സംഘാടകനും പൊലീസ് കസ്റ്റഡിയിൽ. ജഗ്തിയൽ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ ഫെബ്രുവരി 22നാണ് വിചിത്രമായ സംഭവമുണ്ടായത്.

കോഴിയുടെ കാലിൽ കെട്ടിയ കത്തി അബദ്ധത്തിൽ ഞരമ്പിൽ തട്ടി മുറിവേറ്റ് തനുഗുള്ള സതീഷാണ് (45) മരിച്ചത്. മത്സരത്തിനായി എത്തിച്ച കോഴിയെ താഴേക്ക് വിടുമ്പോഴാണ് സതീഷിന് മുറിവേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിപ്പോരിന് തെലങ്കാനയിൽ നിരോധനമുണ്ട്. അനധികൃതമായാണ് മത്സരം സംഘടിപ്പിച്ചത്. അന്വേഷണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കോഴി നിലവിൽ ഗൊല്ലപ്പളി പൊലീസ് സ്‌റ്റേഷനിലാണുള്ളത്. സ്‌റ്റേഷനുള്ളിൽ കയറിൽ കെട്ടിയിട്ട കോഴിക്ക് ആവശ്യമായ ഭക്ഷണവും മറ്റും പൊലീസുകാർ നൽകുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം കോഴിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകൾ പോലീസ് നിഷേധിച്ചു. കോഴിയെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം ജഡ്ജിയുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗൊല്ലപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ വ്യക്തമാക്കി.