
വാഷിംഗ്ടൺ: വെടിനിറുത്തൽ കരാർ കർശനമായി നടപ്പാക്കുമെന്ന ഇന്ത്യ -പാകിസ്ഥാൻ സംയുക്ത പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തു. ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക നടപടിയാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
മേഖലയിലെ എല്ലാ നേതാക്കളുമായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബന്ധപ്പെടുന്നുണ്ട്.
കാശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ചർച്ച നടത്തുന്നതിന് അമേരിക്ക നൽകിവരുന്ന പിന്തുണ തുടരുമെന്ന് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
വെടിനിറുത്തൽ കരാറുകൾ പാലിക്കാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സ്വാഗതം ചെയ്തു. തീരുമാനം കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.