riot

പോർട്ട് ഔ പ്രിൻസ്: കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹെയ്തിലെ ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയിലിൽ നിന്ന് 400 ഓളം തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി. കലാപത്തിലും അനുബന്ധ സംഭവങ്ങളിലും പെട്ട് ജയിൽ ഉദ്യോഗസ്ഥനടക്കം 25 പേർ‌ കൊല്ലപ്പെട്ടു. ജയിൽ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ആറ് തടവുകാരും ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി ഹെയ്തി കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫ്രാന്റ്‌സ് എക്‌സാന്റസ് അറിയിച്ചു. ജയിലിന് സമീപത്തുണ്ടായിരുന്ന സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ അധികവും. ജയിൽ ചാടിയ തടവുകാരാണ് ഇവരെ കൊലപ്പെടുത്തിയത്.

60 തടവുകാരെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ജയിലിൽ കലാപമുണ്ടായത്. തുടർന്ന് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ജയിലിൽ നിന്ന് ആദ്യം വെടിയൊച്ചകൾ കേട്ടെന്നും പിന്നീട് തടവുകാരെല്ലാം പുറത്തേക്ക് ഓടിവരുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ചില തടവുകാർ രക്ഷപ്പെട്ട ശേഷം തൊട്ടടുത്ത വസ്ത്ര വിൽപനശാല കൊള്ളയടിച്ചു. ഇവിടെനിന്ന് ബലമായി പുതിയ വസ്ത്രങ്ങൾ പിടിച്ചുവാങ്ങിയ ശേഷമാണ് പലരും രക്ഷപ്പെട്ടത്.

 മരിച്ചവരിൽ കുപ്രസിദ്ധ കുറ്റവാളിയും

കലാപത്തിൽ മരിച്ചവരിൽ ഒരാൾ കുപ്രസിദ്ധ കുറ്റവാളിയായ ആർണൽ ജോസഫാണ്. കൈകളിൽ വിലങ്ങ് ധരിച്ച് മറ്റൊരാളോടൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന ജോസഫിനെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഹെയ്തിയിലെ പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്നജോസഫ് 2019 ലാണ് പിടിയിലായത്.

 2012ലാണ് ഹെയ്തിയിൽ ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയിൽ പ്രവർത്തനമാരംഭിച്ചത്. 872 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ സംഭവസമയത്ത് 1500ലേറെ തടവുകാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

 മുൻപ് ഹെയ്തിയിലെ അഖ്വിൻ ജയിലിൽ നിന്ന് 78 തടവുകാരും ആർക്കേയിലെ ജയിലിൽനിന്ന് 173 തടവുകാരും കൂട്ടത്തോടെ രക്ഷപ്പെട്ടിരുന്നു.