
തൃശ്ശൂർ: സംസ്ഥാനത്ത് നേമത്ത് ഉൾപ്പെടെ യുഡിഎഫ്-എൽഡിഎഫ് രഹസ്യധാരണ നിലവിൽ വന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ചെന്നിത്തല ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിൻ്റെ ഫലമാണ് ഈ സഖ്യമെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നേമത്ത് ഇതിന് വേണ്ടി നേതാക്കൾ പ്രചരണം തുടങ്ങി. ഈ രാഷ്ട്രീയ അധാർമികത ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയം വേഗം പൂർത്തിയാക്കും. ജനസമ്മതരായ സ്ഥാനാർത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കും. അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് അവരുടെ വർഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാൽ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ലീഗിൽ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകൾ അംഗീകരിച്ച് വരുന്നവരെയും പാർട്ടി സ്വാഗതം ചെയ്യും.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി മുസ്ലിം ലീഗ് തന്നെയെന്നും സുരേന്ദ്രൻ പറയുന്നു. എന്നാൽ ബിജെപിയുമായി യോജിക്കാൻ തയ്യാറാണോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടതെന്നും ലീഗ് വിഷയത്തിൽ പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.