kamal-vijayakanth

ചെന്നൈ: നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി എൻ.ഡി.എ വിട്ട് കമലഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം ചേർന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശരത് കുമാർ പറഞ്ഞു. സീറ്റ് വിഭജന ചർച്ചയ്ക്കുപോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എൻ.ഡി.എ വിട്ടതെന്ന് ശരത്കുമാർ പറഞ്ഞു.

രാവിലെ ചെന്നൈയിലെ മക്കൾ നീതി മയ്യം ഓഫിസിലെത്തി കമലഹാസനെ കണ്ട ശേഷമാണ് മുന്നണി മാറ്റം പ്രഖ്യാപിച്ചത്. തെങ്കാശി ഉൾപ്പെടെ തമിഴ്നാടിന്റെ തെക്കൻ ഭാഗത്ത് ശരത്കുമാറിന്റെ പാർട്ടിക്ക് ചെറിയ സ്വാധീനമുണ്ട്. ആ മേഖലകളിൽ കമലഹാസന്റെ സ്വാധീനം കൂടി ചേർന്നാൽ കനത്ത മത്സരത്തിനും ചില സീറ്റുകളിൽ വിജയിക്കാനും സാദ്ധ്യതയുണ്ട്.

എസ്.ആർ.എം ഗ്രൂപ്പ് സ്ഥാപകൻ പച്ചമുത്തുവിന്റെ ഇന്തിയ ജനനായക കക്ഷിയുടെ വൈസ് പ്രസിഡന്റ് രവി ബാബുവും കമലുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെ സഖ്യത്തിലുള്ള പാർട്ടിയും കമലിനൊപ്പം ചേരുമെന്നാണു സൂചന. വരും ദിവസങ്ങളിൽ വിജയകാന്തിന്റെ ഡി.എം.ഡി.കെ കൂടി കമലഹാസനൊപ്പം കൈകോർത്തേക്കും. അങ്ങനെയെങ്കിൽ സംസ്ഥാനത്തെ അമ്പത് സീറ്റിലെങ്കിലും ത്രികോണ മത്സരത്തിന് സാദ്ധ്യതയുണ്ട്.

മുൻ അണ്ണാ ഡി.എം.കെ നേതാവും എം.എൽ.എയുമായിരുന്ന പഴ കറുപ്പയ്യയും കമലിനൊപ്പം ചേർന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിന് പിന്തുണ പ്രഖ്യാപിച്ചു. നടൻ രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കങ്ങൾ സജീവമാണ്.