
മലപ്പുറം: മുസ്ലിം ലീഗിനെ എൻഡിഎ മുന്നണിയിലേക്ക് ക്ഷണിച്ച ബിജെപി നേതാക്കളുടെ നിലപാടിനോട് പ്രതികരിച്ച് മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണെന്നും ബിജെപിക്ക് നല്ലത് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ലീഗിനെ ക്ഷണിക്കാൻ ശോഭാ സുരേന്ദ്രൻ ആയിട്ടില്ല.ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ്'-കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂർ ചേലക്കരയിലെ ബിജെപി വിജയയാത്രാ വേദിയിൽ വച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാൽ വർഗീയ നിലപാട് തിരുത്തി നരേന്ദ്ര മോദിയുടെ നയങ്ങൾ ലീഗ് ഉൾക്കൊള്ളണം എന്നും അവർ പറഞ്ഞിരുന്നു. ഒപ്പം ദേശീയത ഉയർത്തിപ്പിടിക്കാനും ലീഗിന് കഴിഞ്ഞാൽ അവരെ ഉൾക്കൊള്ളാൻ ബിജെപിക്ക് കഴിയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ സമാനമായ നിലപാടാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ചത്.
വർഗീയ അജണ്ട ഉപേക്ഷിച്ച്, മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാൽ ലീഗിനെ ബിജെപി സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലീഗിൽ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകൾ അംഗീകരിച്ച് വരുന്നവരെയും പാർട്ടി സ്വാഗതം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.