
കൊച്ചി: ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ചും നിക്ഷേപകർക്ക് ആശങ്ക പകർന്നും സ്വർണവില കുത്തനെ കുറയുന്നു. സംസ്ഥാനത്ത് പവന് ഇന്നലെ 440 രൂപ ഇടിഞ്ഞ് വില 34,160 രൂപയായി. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഫെബ്രുവരി ഒന്നിന് വില 36,800 രൂപയായിരുന്നു. 55 രൂപ കുറഞ്ഞ് ഗ്രാം വില 4,270 രൂപയിലെത്തി.
ഈമാസം ഇതുവരെ പവന് കുറഞ്ഞത് 2,640 രൂപയാണ്; ഗ്രാമിന് 330 രൂപയും കുറഞ്ഞു. കഴിഞ്ഞ ആഗസ്‌റ്റ് ഏഴിന് സ്വർണവില പവന് ഏക്കാലെത്തെയും ഉയരമായ 42,000 രൂപയിലും ഗ്രാം വില 5,250 രൂപയിലും എത്തിയിരുന്നു. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 7,840 രൂപ. ഗ്രാമിന് 980 രൂപയും കുറഞ്ഞു. ഇതാണ് സ്വർണത്തിൽ നിക്ഷേപിച്ചവരെ വലയ്ക്കുന്നത്. ആഗോളതലത്തിൽ കടപ്പത്ര (ബോണ്ട്) യീൽഡ് (നേട്ടം) കൂടുന്നതിനാൽ നിക്ഷേപകർ ഓഹരി വിപണിയെയും സ്വർണത്തെയും കൈവിടുന്നതാണ് തിരിച്ചടിയാകുന്നത്.
ഗോൾഡ് ബോണ്ട്:
ഗ്രാമിന് വില ₹4,662
സ്വർണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പാക്കിയ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയുടെ 2020-21ലെ 12-ാം സീരീസിൽ വില ഗ്രാമിന് 4,662 രൂപയായി ധനമന്ത്രാലയം നിശ്ചയിച്ചു. ഓൺലൈനായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റലായി പണം അടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇവർ 4,612 രൂപ വീതം ഗ്രാമിന് അടച്ചാൽ മതി.