
തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ചയെന്ന് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. തമിഴ്‌നാട്ടിൽ ഡി.എം.കെ- കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സർവേയിൽ പറയുന്നു. അസമിൽ ബി.ജെ .പി അധികംരം നിലനിറുത്തും. കേരളത്തിൽ എൽ.ഡി.എഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യു.ഡി.എഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബി.ജെ.പിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
തമിഴ്നാട്ടിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവേ ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലം പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബി.ജെ.പി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു.