
തൃശൂർ: മുൻ ഇന്ത്യൻ ഫുട്‌ബാൾ താരവും പ്രശസ്ത കോച്ചുമായ ടി.കെ. ചാത്തുണ്ണി ബി.ജെ.പിയിൽ ചേർന്നു. വിജയയാത്രയുടെ ഭാഗമായി തൃശൂരിലെത്തിയ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചാത്തുണ്ണി ഉൾപ്പെടെയുള്ളവരെ സ്വീകരിച്ചു.
ഐ.എം. വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്‌ബാൾ താരങ്ങളുടെ പരിശീലകനാണ് ടി.കെ. ചാത്തുണ്ണി. എഴുത്തുകാരനും പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ജോയിന്റ് ജനറൽ മാനേജരുമായ അഡ്വ. അജയ് മേനോൻ, അദ്ധ്യാപകനും കൊളീജിയറ്റ് എഡ്യൂക്കേഷൻ മുൻ ഫാക്കൽറ്റിയുമായ ഡോ. മോഹൻരാജ്, കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മിഷണർ യു. ഗോവിന്ദൻകുട്ടി, മലമ്പുഴ ഡാം എക്‌സിക്യൂട്ടിവ് എൻജിനിയറായിരുന്ന യു. പുരുഷോത്തമൻ, ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പി. വിജയൻ എന്നിവരാണ് പാർട്ടി അംഗത്വമെടുത്ത മറ്റുള്ളവർ. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.