
വാരാണസി: രവിദാസ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാരാണസി സന്ദർശിച്ചു. രവിദാസ് ക്ഷേത്രത്തിലെത്തിയ പ്രിയങ്ക, സന്യാസി നിരഞ്ജൻ മഹരാജുമായി കൂടിക്കാഴ്ച നടത്തി. ഭക്തരോടൊപ്പം ഭക്ഷണവും കഴിച്ചു. സന്ത് രവിദാസ് ആരംഭിച്ച ധർമ്മമാണ് യഥാർത്ഥ മതമെന്നും യഥാർത്ഥ മതം എപ്പോഴും ലളിതമായിരിക്കുമെന്നും മാനവികത മാത്രമാണ് ഉണ്ടായിരിക്കുകയെന്നും പ്രിയങ്ക പറഞ്ഞു. ഉത്തരേന്ത്യയിൽ പ്രബലമായ വിഭാഗമാണ് രവിദാസിനെ പിന്തുടരുന്നവർ. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ ചുമതല. കഴിഞ്ഞ മാസം രണ്ടുതവണ പ്രിയങ്ക പ്രഗ്യാരാജ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ സന്ദർശനത്തിൽ അവർ നിഷാദ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിഷാദ് സമുദായത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് അവർ ഉറപ്പ് നൽകി. കർഷകർ സംഘടിപ്പിച്ച മഹാപഞ്ചായത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു.