
റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി ഇന്ന്
മുംബയ്: 2019-20 സാമ്പത്തിക വർഷത്തെ ജി.എസ്.ടി.ആർ 9, 9സി റിട്ടേണുകൾ സമർപ്പിക്കാനുള്ള അന്തിമതീയതി നീട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഇതോടെ, ഇന്ന് അവസാനിക്കുന്ന കാലാവധി കേന്ദ്രസർക്കാർ നീട്ടാനുള്ള സാദ്ധ്യതയും മങ്ങി.
മാസം, ത്രൈമാസം, വാർഷികം എന്നിങ്ങനെ റിട്ടേണുകളാണ് ജി.എസ്.ടിയിൽ സമർപ്പിക്കേണ്ടത്. ഇതിൽ വാർഷിക റിട്ടേൺ സമർപ്പണത്തിനുള്ള രണ്ടു ഫോമുകളാണ് ജി.എസ്.ടി.ആർ 9, 9സി എന്നിവ. ജി.എസ്.ടി.ആർ 9 എല്ലാ ജി.എസ്.ടി ദായകരും സമർപ്പിക്കണം. എന്നാൽ, അക്കൗണ്ട് ഓഡിറ്റിംഗ് ബാധകമായവരാണ് 9സി സമർപ്പിക്കേണ്ടത്. രണ്ടുകോടി രൂപയിലധികം വിറ്റുവരവുള്ളവരാണ് ഇതിലുൾപ്പെടുന്നത്.
സി.ജി.എസ്.ടി നിയമത്തിലെ സെക്‌ഷൻ 44 ആണ് ജി.എസ്.ടിയിൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കണമെന്ന് നിർദേശിക്കുന്നത്. ഇതുപ്രകാരം റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി ഡിസംബർ 31 ആണ്. 2019-20ലെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി ഡിസംബർ 31 ആയിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം ഫെബ്രുവരി 28ലേക്ക് നീട്ടുകയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കണക്കെടുപ്പിനും മറ്റും ബുദ്ധിമുട്ടുള്ളതിനാൽ അന്തിമതീയതി നീട്ടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, തീയതി ഡിസംബർ 31ൽ നിന്ന് ഫെബ്രുവരി 28ലേക്ക് നീട്ടിയതാണെന്നും ഇനിയും കാലാവധി നീട്ടുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി ജസ്‌റ്റിസുമാരായ മിലിന്ദ് എൻ ജാദവ്, ഉജ്ജൽ ഭൂയാൻ എന്നിവർ ഹർജി തള്ളുകയായിരുന്നു.
ലേറ്റാകുന്നവർക്ക്
പിഴ ₹200
ജി.എസ്.ടി വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അന്തിമതീയതി അവസാനിച്ചശേഷം റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുന്ന രണ്ടുകോടി രൂപയിലധികം വിറ്റുവരവുള്ളവർ വൈകുന്ന ഓരോ ദിവസവും 200 രൂപ പിഴയടയ്ക്കണം. മൊത്തം വിറ്റുവരവിന്റെ 0.25 ശതമാനം വരെ പിഴ ഈടാക്കാം. രണ്ടുകോടി രൂപവരെ വിറ്റുവരവുള്ളവർ 2017-18, 2018-19, 2019-20 വർഷങ്ങളിലെ റിട്ടേൺ താത്പര്യമുണ്ടെങ്കിൽ (ഓപ്‌ഷണൽ) സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.