
അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയയ്ക്ക് നേരിടെണ്ടി വന്നത്..ആലിയയയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് അശ്ലീലച്ചുവയുള്ള കമന്റുകളും ബലാത്സംഗ ഭീഷണിയടക്കവും ആലിയയെ തേടിയെത്തിയത്
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ആലിയ കശ്യപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട കുറിപ്പിലൂടെ. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ യൂട്യൂബ് വീഡയോയിലൂടെയും ഇവർ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാനസികമായി കടുത്ത പ്രയാസത്തിലാണ്. അടിവസ്ത്രം ധരിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തത് മുതൽ വളരെ നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മുൻപൊരിക്കലും ഇത്തരം ഒരു ഭയം ഉണ്ടായിട്ടില്ല. ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്താലോയെന്ന് വരെ ചിന്തിച്ചുവെന്ന് ആലിയ പറയുന്നു.
ഇത്തരം പ്രതികരണങ്ങളെ അവഗണിച്ച് ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ സത്യത്തിൽ നമ്മൾ ഇതിനെക്കുറിച്ച് സംസാരികക്കണം. കാരണം ഇത്തരം കമന്റുകളാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ബലാത്സംഗ സംസ്‌കാരത്തിന് സംഭാവനയാകുന്നതെന്ന് ആലിയ കുറിച്ചു.
'ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായിക്കഴിയുമ്പോൾ അവൾക്കായി മെഴുകുതിരികൾ കത്തിച്ച് മാർച്ചുകൾ സംഘടിപ്പിക്കുന്ന രാജ്യമാണ് നമ്മളുടെത് എന്നാൽ ഒരു സ്ത്രീ ജീവനോടെയിരിക്കുമ്പോൾ അവളെ സംരക്ഷിക്കുന്നില്ല. ജീവിതകാലം മുഴുവനായും ലൈംഗികവത്കരിക്കപ്പെട്ടു കൊണ്ടാണ് ഒരു സ്ത്രീ വളർന്നു വരുന്നത് എന്നതാണ് സത്യം.
ഞാനും ഇത്തരം കമന്റുകൾ കേട്ടാണ് വളർന്നു വന്നത്. മധ്യവയസ്‌കരായ കുറെ ആളുകൾ ചേർന്ന് പ്രായപൂർത്തിയാകാത്ത് ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരസമാപ്തിയിലാണ് ഞാനെത്തിയത്. ധാർമ്മികമായി വളരെ ഉയർന്നു നിൽക്കുന്നു എന്ന് അഭിനയിക്കുന്ന ഇവരാണ് ശരിക്കും ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ആലിയ വ്യക്തമാക്കി.