aloor-case-

തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 4 പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ആളൂർ പൊരുന്നംകുന്ന് തറയിൽ കരുമാടി എന്ന അരുൺ (29), വെള്ളാഞ്ചിറ കാടുവെട്ടി മണികണ്ഠൻ(30), മാനാട്ടുകുന്ന് പടിഞ്ഞാറേയിൽ കണ്ണൻ എന്ന ഉണ്ണികൃഷ്ണൻ(49), നോർത്ത് ചാലക്കുടി പുതിയ വീട്ടിൽ കബീർ (54) എന്നിവരാണ് പിടിയിലായത്.

തിരുച്ചിറപ്പള്ളിയിലേക്കു കടക്കാനായി എത്തിയ കേസിലെ നാലാംപ്രതി മണികണ്ഠനെ ഇന്നലെ അർദ്ധരാത്രി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും മഫ്തിയിലെത്തിയ പൊലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.. കയ്യിൽ വിലങ്ങ് വീണപ്പോഴാണ് പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ തന്റെ അരികിലിരുന്ന് ചായ കുടിച്ചത് പൊലീസുകാരായിരുന്നെന്ന് മണികണ്ഠൻ അറിയുന്നത്.

അരുണിനെ ചാലക്കുടി സൗത്തിൽ നിന്നും കബീറിനെ മാർക്കറ്റ് പരിസരത്ത് നിന്നും ഉണ്ണികൃഷ്ണനെ ആളൂർ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിയടക്കം ഏഴുപേർ ഇന്നലെ പിടിയിലായിരുന്നു. പ്രണയം നടിച്ചും പ്രലോഭിപിച്ചുമാണ് പ്രതികൾ പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളേയും ഉടൻ ടികൂടുമെന്നു പൊലീസ് അറിയിച്ചു