
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ ഇരുപതാം ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെക്കീഴടക്കി മാഞ്ചസ്റ്റർ സിറ്റി അശ്വമേധം തുടരുന്നു. എല്ലാ ടൂർണമെന്റുകളിലുമായി സിറ്റിയുടെ തുടർച്ചയായ ഇരുപതാം ജയമായിരുന്നു ഇത്.
20 ജയങ്ങളിൽ 14ഉം പ്രിമിയർ ലീഗ് മത്സരങ്ങളിലാണ്. പ്രിമിയർ ലീഗിലെ ഏറ്റവും വലിയ വിജയക്കുതിപ്പ് തന്നെയാണിത്. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള സിറ്റി ഇന്നലത്തെ ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അകലം 13 പോയിന്റാക്കി.
26 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 62പോയിന്റാണ് ഇപ്പോഴുള്ളത്. 25 മത്സരങ്ങൾ കളിച്ച യുണൈറ്റഡിന് 49 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിനും 25 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണുള്ളത്.
അഗ്യൂറോയും മെഹ്റസും ടോറസും മുന്നേറ്റ നിരയിൽ അണിനിരന്ന സിറ്റിക്കായി പക്ഷേ ഗോളുകൾ നേടിയത് മികച്ച ഫോമിലുള്ള സെന്റർ ബാക്കുകളായ റൂബൻ ഡയസും ജോൺ സ്റ്റോൺസുമായിരുന്നു. അന്റോണിയോ വെസ്റ്റ് ഹാമിനായി ഒരു ഗോൾ മടക്കി.
മെസിയുടെ 
ചിറകിലേറി 
ബാഴ്സ
സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. 25 മത്സരങ്ങളിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയ്ക്കിപ്പോൾ 53 പോയിന്റുണ്ട്. അതേസമയം ബാഴ്സയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ചിട്ടുള്ള അത്ലറ്റിക്കോ 23 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന് 24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണുള്ളത്. സെവിയ്യ ഇത്രയും മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി നാലാം സ്ഥാനത്തും. സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 29-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് ഔസ്മനെ ഡെംബലെയാണ് ബാഴ്സയുടെ ഗോൾ അക്കൗണ്ട് തുറന്നത്. 86-ാം മിനിട്ടിൽ അതിമനോഹരമായ ഗോളിലൂടെ മെസി ബാഴ്സയുടെ വിജയമുറപ്പിക്കുകയായിരുന്നു.