
തിരുവനന്തപുരം:1983 ഒക്ടോബർ 26. ഉച്ചവെയിലിൽ ആ വാർത്ത പരന്നത് പെട്ടെന്നാണ്. 'കെ.എസ്.യു നേതാവ് ശരത്ചന്ദ്രപ്രസാദ് വിദ്യാർത്ഥി സംഘട്ടനത്തിൽ വെട്ടേറ്റ് മരിച്ചു!' വിദ്യാർത്ഥികൾ തെരുവിലിറങ്ങി. വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. കടകളടപ്പിച്ചു. എതിരാളികളുമായി ഏറ്റുമുട്ടി. സംഘർഷം പടരുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി ഐ.സി.യുവിൽ മരണത്തോട് മല്ലിടുകയായിരുന്നു ആ യുവാവ്. ആശുപത്രിയിലേക്ക് നേതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രവാഹം.
ചെമ്പഴന്തി എസ്.എൻ കോളേജിൽ ശരത്തിനെ വെട്ടിവീഴ്ത്തിയ അക്രമികൾ, മരിച്ചെന്നു കരുതി കുന്നിൻമുകളിൽ നിന്ന് വലിച്ചെറിയുകയായിരുന്നു.പൊട്ടിയ ഇടുപ്പെല്ലിൽ തുളച്ചുകയറിയ ചെങ്കൽച്ചീളുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബോധം തിരികെക്കിട്ടാൻ പിന്നെയും മണിക്കൂറുകൾ. 45 ദിവസം ഐ.സി.യുവിൽ. മൂന്നു വർഷം മുമ്പ് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് പരിസരത്തു വച്ച് മുതുകിലേറ്റ കുത്തിന്റെ വേദനയിൽ നിന്ന് മുക്തനാകുന്നതിനിടെയായിരുന്നു അടുത്ത ആക്രമണം. പ്രസ്ഥാനത്തിനു വേണ്ടി നിരവധി ആക്രമണങ്ങൾക്കും പൊലീസ് മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും വിധേയനായതിന്റെ ഓർമ്മകളിലാണ് ടി.ശരത്ചന്ദ്രപ്രസാദെന്ന കോൺഗ്രസ് നേതാവ്.അതിലുമേറെ വേദനിപ്പിക്കുന്നത്, സ്വന്തം പാളയത്തിൽ നിന്നേറ്റ ഒളിയമ്പുകളും കുതികാൽ വെട്ടുകളും. ലീഡർ കെ.കരുണാകരന്റെ വിശ്വസ്ത അനുയായിക്ക് രാഷ്ട്രീയപ്പടവുകൾ കയറാൻ അത് കരുത്തായെങ്കിലും ഗ്രൂപ്പ് പോരുകളിൽ തിരിച്ചടിയുമായി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,1991ൽ ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗം, 30 വർഷമായി കെ.പി.സി.സി ഭാരവാഹി, നിലവിൽ വൈസ് പ്രസിഡന്റ്. ഒപ്പം നിന്നവരിലും പിന്മുറക്കാരിലും പലർക്കും ഉന്നതങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയായി. കപ്പിനും ചുണ്ടിനുമിടയിൽ തട്ടിമാറ്റപ്പെട്ട പദവികളേറെ. മന്ത്രിസ്ഥാനം, ജയസാദ്ധ്യതയുള്ള നിയമസഭാ സീറ്റ്, ഡി.സി.സി പ്രസിഡന്റ് പദവി, ആറ്റിങ്ങൽ ലോക്‌സഭാ സീറ്റ്... സാമുദായിക പരിഗണനകളും വിനയായി.പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി പാർട്ടി ചുമതലകളിൽ വ്യാപൃതനാകുന്ന ശരത്തിന് നേതൃത്വത്തോട് ഒരപേക്ഷ മാത്രം. ജയ സാദ്ധ്യതയുള്ള ഒരു നിയമസഭാ സീറ്റ്. തിരുവനന്തപുരമോ വർക്കലയോ. തിരുവനന്തപുരമായാൽ ഏറെ നന്ന്.