summer

വേനൽക്കാലം പൊതുവേ രോഗങ്ങളുടെ കാലം എന്നറിയപ്പെടുന്ന സമയമാണ്. എന്നാൽ ചൂടുകാലത്ത് പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഭക്ഷണ കാര്യങ്ങളിൽ കുറച്ച് ശ്രദ്ധിച്ചാൽ മതി. വേനൽക്കാലത്ത് ചൂടു കൂടുതലായതിനാൽ അമിതമായി വിയർക്കുന്നു. അതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനിൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ കുറഞ്ഞത് ഒരു ദിവസം 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

നാരാങ്ങാവെള്ളം, സംഭാരം ,​ കഞ്ഞിവെള്ളം ,​ കരിക്ക് എന്നിവ ഇടയ്ക്കിടെ കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വേനൽക്കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതാണുത്തമം. ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

ഓറഞ്ച് ,​ പപ്പായ ,​ തണ്ണിമത്തൻ,​ മാമ്പഴം എന്നിങ്ങനെ നമുക്ക് സുലഭമായി ലഭിക്കുന്ന പഴങ്ങൾ ക്ഷീണമകറ്റാനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണ സാധനങ്ങൾ പരമാവധി ഒഴിവാക്കുക. കാരറ്റ്,​ വെള്ളരി,​ കുമ്പളം,​ മത്തൻ എന്നീ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാപ്പി,​ ചായ തുടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.