
ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ ഗോൾ മഴ പെയ്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മിന്നും ജയം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഒഡീഷ ഇത്തവണത്തെ പോരാട്ടം അവസാനിപ്പിച്ചു.
11 ഗോളുകൾ പിറന്ന മത്സരത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ഈസ്റ്റ് ബംഗാളിന്റേയും സീസണിലെ അവസാന മത്സരമായിരുന്നു ഇത്.
റാഫൻഗുസാവയും ജെറിയും ഇരട്ടഗോൾ നേടിയപ്പോൾ സയിലുംഗും മൗറീഷ്യോയും ഓരോ തവണ ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടു. ഈസ്റ്റ് ബംഗാളിനായി ഹോളോവെ രണ്ട് ഗോൾ നേടിയപ്പോൾ ലാൽപെഖുലയും രവികുമാറും പിൽകിംഗ്ടണും ഓരോ ഗോൾ വീതം നേടി. 24-ാം മിനിറ്റിൽ പിൽകിംഗ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ 33-ാം മിനിറ്റിൽ സയിലുംഗയിലൂടെ ഒഡിഷ ഒപ്പമെത്തി. പിന്നീടങ്ങോട്ട് ഇരുവലയിലും ഗോളുകൾ പെയ്തിറങ്ങുകയായിരുന്നു.
ജയിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡിഷ സീസൺ അവസാനിപ്പിച്ചത്. മറുവശത്ത് ഐ.എസ്.എൽ കന്നി സീസണിൽ ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒഡീഷയ്ക്ക് 20 മത്സരങ്ങളിൽ നിന്ന് 12 പോയിന്റും ഈസ്റ്റ് ബംഗാളിന് അത്രയും മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമാണ് ഉള്ളത്.