covid-vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ കുത്തിവയ്പ്.

ആരോഗ്യസേതു ആപ്പിലോ, CoWin.gov.in വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം. പേര്, വയസ്, ലിംഗം, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. വാക്സിൻ കേന്ദ്രം, തിയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. അതേസമയം എത് വാക്സിൻ വേണമെന്ന് തിരഞ്ഞെടുക്കാൻ കഴിയില്ല.

സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ തികച്ചും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ (ഒരു ഡോസിന്) 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്.

ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ർക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ർക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികൾ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും കുത്തിവയ്പ് നടത്തുക. അതേസമയം ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.