worm-

പരവൂർ: ശസ്ത്രക്രിയയിലൂടെ യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് പതിനഞ്ച് സെന്റീമീറ്ററോളം നീളമുള്ള വിര. നെടുങ്ങോലം ബി.ആർ ആശുപത്രിയിലാണ് അപൂർവമായ സംഭവം നടന്നത്. കൺപോളയിൽ തടിപ്പുണ്ടായതിനെ തുടർന്നാണ് ചാത്തന്നൂർ സ്വദേശിനിയായ യുവതി ചികിത്സ തേടിയത്.

പല ആശുപത്രികളിലും പരിശോധനയ്ക്ക് വിധേയമായെങ്കിലും കണ്ണിലെ അസ്വസ്ഥത അകന്നില്ല. തുടർന്നാണ് നെടുങ്ങോലം ബി.ആർ ആശുപത്രിയിലെത്തിയത്. പരിശോധനയിൽ അസാധാരണത്വം തോന്നിയതിനാൽ ഡോ. സതീഷ് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വളർത്ത് നായ്ക്കളിൽ കാണപ്പെടുന്ന ഡയറോ ഫൈലേറിയ ഇനത്തിൽപ്പെട്ട വിരയയെയാണ് പുറത്തെടുത്തത്. അവഗണിച്ചിരുന്നെങ്കിൽ ചിലപ്പോൾ അപകടകരമായേക്കാവുന്ന അവസ്ഥയായിരുന്നെന്ന് ഡോ. സതീഷ് പറഞ്ഞു. വിരയെ പരിശോധനയ്ക്ക് അയച്ചു.