
കൊച്ചി∙ ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വേദിയിൽ എത്തിയാണ് മെട്രോമാൻ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. പാർട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് ഇ ശ്രീധരൻ വിശേഷിപ്പിച്ചത്. 18 മാസം കൊണ്ട് കഴിയേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു ശ്രീധരന്റെ വാക്കുകൾ.
എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ശ്രീധരൻ തന്നെയാണ്. ബിജെപിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന ആർ എസ് എസ് ഇടപെട്ടുകഴിഞ്ഞാൽ അദ്ദേഹം മത്സരിക്കാൻ തയ്യാറാകുമെന്നാണ് സൂചന.
അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എംപി എന്നിവർ മത്സരിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം നിലവിൽ അനുകൂലമാണെന്നും, അവസരം പാഴക്കരുതെന്നും പ്രവർത്തകർക്കിടയിലും അഭിപ്രായമുണ്ട്. സുരേന്ദ്രൻ മഞ്ചേശ്വരത്തും, സുരേഷ് ഗോപി വട്ടിയൂർക്കാവിലും നിന്നാൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്.