
ന്യൂഡൽഹി: അമിതാഭ് ബച്ചൻ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ബച്ചൻ തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മെഡിക്കൽ കണ്ടീഷൻ. സർജറി. എഴുതാനാവില്ല'-എന്നായിരുന്നു ബച്ചൻ ബ്ളോഗിൽ കുറിച്ചത്.ഇത് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബച്ചന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് അവർ സോഷ്യൽമീഡിയയിൽ കുറിച്ചു.
സിനിമാരംഗത്ത് സജീവമാണെങ്കിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ ബച്ചനെ അലട്ടുന്നുണ്ട്. ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപാേകുന്നത്. പക്ഷേ, ഇതൊന്നും അദ്ദേഹം പുറത്തുകാണിക്കാറില്ല എന്നുമാത്രം.
അജയ് ദേവ്ഗൺ, രാകുൽപ്രീത് സിംഗ് എന്നിവർക്കൊപ്പം മെയ്‌ഡേയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബിഗ് ബി. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഇതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഈ സിനിമയ്ക്കുശേഷം വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ് ബി അഭിനയിക്കേണ്ടിയിരുന്നത്. രശ്മി മന്ദാനയായിരുന്നു നായിക.അസുഖം കാരണം ചിത്രങ്ങളുടെ റിലീസ് നീണ്ടുപോകാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.