mann-ki-baat

ന്യൂഡൽഹി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. രാജ്യത്തെ ജലസംരക്ഷണം മുൻനിറുത്തി ക്യാച്ച് ദി റെയിൻ ക്യാമ്പെയിൻ കേന്ദ്രസർക്കാരിന്റെ ജൽ ശക്തി മന്ത്രാലയം ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 100ദിവസത്തെ പ്രചാരണ പരിപാടികളാണ് നടപ്പാക്കുക.

'മനുഷ്യന് പ്രകൃതി നൽകിയ സമ്മാനമാണ് ജലം. അത് മനുഷ്യ വികസനത്തിന് അന്ത്യന്താപേഷിതമാണ് .അവശ്യ പ്രകൃതി വിഭവമായ ജലം സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം വേണം. വേനൽക്കാലത്തിന്റെ തുടക്കമായതിനാൽ ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ ഏറ്റവും നല്ല സമയമാണിത്. ജലം നമ്മുടെ ജീവനും വിശ്വാസവും വികസനവുമായി ബന്ധപ്പെട്ടതാണ്'-മാേദി പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തിൽ യുവാക്കൾക്കുളള ഉപദേശവും പ്രധാനമന്ത്രി നൽകി. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളിൽ പതറരുതെന്നുമായിരുന്നു ഉപദേശം. സാമ്പ്രദായിക വഴികളിലൂടെ മാത്രം സഞ്ചരിക്കാതെ പുതിയ മേഖലകൾ കണ്ടെത്തിയവർക്കുമാത്രമേ വിജയം വരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നും പ്രധാനമന്ത്രി യുവാക്കളെ ഓർമ്മിപ്പിച്ചു.