
കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇ എം സി സിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു. താൻ ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
'കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകൾ നടന്നു. മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലും ഇങ്ങനെ തന്നെയായിരുന്നു. എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും. അഴിമതിയാണ് കേരളത്തിലെ പ്രധാന പ്രശ്നം. ഇ ശ്രീധരൻ, ജേക്കബ് തോമസ് തുടങ്ങിയവരെ അണിനിരത്തി അഴിമതിക്കെതിരായ പോരാടും . അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻ ഡി എ' - സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങുകയാണെന്നും മുല്ലപ്പള്ളി പോലും എവിടെ നിൽക്കണമെന്ന് ലീഗ് തീരുമാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. 'ഇക്കാര്യം കെ മുരളീധരന് അറിയാം. വട്ടിയൂർക്കാവിൽ ആയിരുന്നപ്പോൾ മുരളി ഇക്കാര്യം പറഞ്ഞിരുന്നു. അവിടെ ലീഗിന്റെ വോട്ട് പ്രശ്നമല്ല. വടകര എത്തിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്'-സുരേന്ദ്രൻ പറഞ്ഞു.