raga

ചെന്നൈ: തമിഴ്നാട് സന്ദർശന വേളയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

'ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോല്പിച്ചിട്ടുണ്ടെന്ന്' മോദിയെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെൽവേലിയിൽ വിദ്യാഭ്യാസ വിദഗ്ദ്ധരുമായുള്ള സംവാദത്തിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ.

'സമ്പന്നതയിലും എതിരാളികളെ നിർവീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മൾ. എന്നാൽ ഇതിന് മുമ്പ് നാം ഒത്തൊരുമിച്ച് ഇതനേക്കാൾ വലിയ ശത്രുവിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 70 വർഷം മുമ്പ്, നരേന്ദ്ര മോദിയേക്കാൾ ശക്തരായിരുന്നു ബ്രിട്ടീഷുകാർ. എന്നിട്ടും രാജ്യത്തെ ജനങ്ങൾ ബ്രിട്ടീഷുകാരെ ഇവിടെ നിന്നും ഓടിച്ചു.

ബ്രിട്ടിഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ്? രാജ്യത്തെ ജനങ്ങൾ ബ്രിട്ടീഷുകാരെ തിരിച്ചയച്ചു. അതുപോലെ അദ്ദേഹത്തേയും നാഗ്‍പൂരിലേക്കു മടക്കി അയയ്ക്കും. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കും. അവർ നമ്മളെ എന്തും ചെയ്യട്ടെ, അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മൾ അതൊന്നും തിരിച്ചു ചെയ്യില്ല.’– രാഹുൽ പറഞ്ഞു.

വലിയ സ്വപ്നം കാണണമെന്നു പറഞ്ഞ രാഹുൽ, മാറ്റം സാദ്ധ്യമാണെന്നു തോന്നിയില്ലായിരുന്നെങ്കിൽ നിങ്ങളെ കാണാനും സംസാരിക്കാനും വരില്ലായിരുന്നെന്നും വ്യക്തമാക്കി. ജനങ്ങളുടെ സഹായത്തോടെയാണ് മാറ്റം കൊണ്ടുവരാനാവുക. കേന്ദ്ര സർക്കാർ കാണുന്നതുപോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്പത്തിക ക്രയവസ്തുക്കൾ അല്ല. ബിസിനസ് രാജ്യത്തിന് ആവശ്യമാണ്. എന്നാൽ പാവപ്പെട്ടവർക്കു ലഭ്യമല്ലാത്തവിധം വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിർഭാഗ്യവശാൽ അതാണു നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.