wangchukk

ശ്രീനഗർ: ലഡാക്കിൽ അതിശൈത്യമുള്ള സിയാച്ചിൻ, ഗാൽവൻ താഴ്വരപ്രദേശങ്ങളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ഇനി ഇളംചൂടേറ്റ് ഉറങ്ങാം. അതും കുറഞ്ഞ ചെലവിൽ.

സൈനികർക്കായി സൗരോജ്ജത്തിൽ നിന്ന് ചൂട് പകരുന്ന ടെന്റുകൾ രൂപകല്പന ചെയ്തത് സാങ്കേതിക വിദഗ്ദ്ധനും വിദ്യാഭ്യാസവിദഗ്ദ്ധനുമായ സോനം വാങ്‌ചുക്കാണ്. ജൈവ ഇന്ധനം ഉപയോഗിക്കാതെ സൈനികർ തങ്ങുന്ന തമ്പുകൾക്കാവശ്യമായ താപം പകരാൻ സൗരോർജ്ജം ഉപയോഗിക്കാവുന്ന വിധത്തിലാണ് നിർമ്മാണം.

ഭാരക്കുറവുള്ള ടെന്റുകൾ അഴിച്ചുമാറ്റാനും മറ്റൊരിടത്തേക്ക് മാറ്റാനും എളുപ്പമാണ്. സൈനികർക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ ടെന്റുകളാണിത്.

സാമ്പത്തികലാഭം മാത്രമല്ല മലിനീകരണം കുറയ്ക്കാനും ഇത്തരം ടെന്റുകൾ സഹായിക്കും.

ടെന്റിലുപയോഗിക്കുന്ന ഇൻസുലേറ്ററുകളുടെ എണ്ണം കൂട്ടിയോ കുറച്ചോ താപനില ക്രമീകരിക്കുകയുമാവാം. മൈനസ് പതിനാല് ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനിലയുള്ളപ്പോൾ ടെന്റിനകത്ത് പതിനഞ്ച് ഡിഗ്രി സെഷ്യൽസ് വരെ താപനില നിലനിറുത്താനാകും. ഗാൽവൻ താഴ് വരയിൽ താപനില മൈനസ് മുപ്പത് ഡിഗ്രി സെൽഷ്യസിന് താഴെയെത്തുന്ന സന്ദർഭങ്ങളുമുണ്ട്.

ആരാണീ വാങ്‌ചുക് ?

അമീർഖാൻ നായകനായ ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്സിലെ കേന്ദ്ര കഥാപാത്രം 'ഫുങ്ഷു വാങ്ഡു"വിനെ ഓർമ്മയില്ലേ. അല്ലെങ്കിൽ വിജയ് ചിത്രമായ നൻപനിലെ നായകൻ കൊസക്സി പസപുഗളിനെ ഓർത്താലും മതി.

സാമ്പ്രദായിക വിദ്യാഭ്യാസരീതിയോട് താത്പര്യമില്ലാതെ, അധ്യാപകരുടെ നോട്ടപ്പുള്ളിയായി, പരീക്ഷാഫലം വരുന്ന ദിവസം സുഹൃത്തുകളോടും സഹപാഠികളോടും യാത്ര പോലും പറയാതെ മുങ്ങി പിന്നീട് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി മാറുന്ന നായകൻ. ഇതുതന്നെയാണ് സോനം വാങ്‌ചുക്കും.

പുതിയ വിദ്യാഭ്യാസരീതിയുമായി 1988 ൽ ലഡാക്കിൽ സ്റ്റുഡന്റ്സ് എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന ക്യാമ്പസ് സ്ഥാപിച്ചാണ് സോനം വാങ്‌ചുക് ആദ്യം മാദ്ധ്യമശ്രദ്ധ നേടിയത്. കാമ്പസിലേക്കുള്ള വൈദ്യുതി സൗരോജ്ജത്തിൽ നിന്ന് ലഭിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. ലഡാക്കിലെ അതിശൈത്യത്തെ പ്രതിരോധിക്കാൻ നിരവധി നൂതനാശയങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളിൽപ്പെടുന്നു.

കഴിഞ്ഞ കൊല്ലം വാങ്‌ചുക് വാർത്തകളിലിടം പിടിച്ചത് അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ആവശ്യപ്പെട്ടാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇത് വൈറലായതോടെ നടനും പ്രശസ്ത മോഡലുമായ മിലിന്ദ് സോമൻ തന്റെ ടിക് ടോക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചത്.