shafi-parambil

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചിരിക്കുന്നത്. സമ്മർദ്ദശക്തിയായി ഇനിയും തുടരുമെന്നും നിലവിൽ സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു.

ഉദ്യോഗാർത്ഥികൾക്കും യൂത്ത് കോൺഗ്രസിനും മുന്നിൽ സർക്കാർ മുട്ടുകുത്തി. രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് സർക്കാർ ഇപ്പോൾ അനുകൂലമായി തീരുമാനമെടുത്തത്.നേരത്തെ തന്നെ ഈ തീരുമാനം എടുക്കാൻ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സർക്കാർ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണമെന്നും അദ്ദേഹം പരസ്യമായി ഉദ്യോഗാർത്ഥികളോട് മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ചയിൽ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിച്ചും പരമാവധി നിയമനമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചത്. അതേസമയം രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനാൽ സിവിൽ പൊലീസ് ഉദ്യോഗാർത്ഥികൾ സമരം തുടരും.