
ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസിൽ വിജയ് സേതുപതി നായകൻ
ബോളിവുഡിൽ സ്ഥാനം ഉറപ്പിക്കുകയാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. മാസ്റ്റർ ഹിറ്ര് മേക്കർ ശ്രീറാം രാഘവൻ അന്ധാദുനു ശേഷം ഒരുക്കുന്ന മെറി ക്രിസ്മസ് എന്ന ചിത്രത്തിൽ നായകനായി വിജയ് സേതുപതി എത്തുമ്പോൾ നായിക താര സുന്ദരി കത്രിനാ കൈഫാണ്. ആയുഷ്മാൻ ഖുറാനയും തബുവും രാധിക ആപ്തയും മത്സരിച്ച് അഭിനയിച്ച അന്ധാദുൻ ഹിന്ദി സിനിമയിലെ കൾട്ട് ക്ലാസിക് ചിത്രം എന്നാണ് വിശേഷിപ്പിക്കുന്നത്. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്.
അന്ധാദുന് ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രത്തിന് ആകാംക്ഷയോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്. വരുൺ ധവാനെ നായകനാക്കി ഇക്കീസ് എന്ന ചിത്രം ശ്രീറാം പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ അത് നിറുത്തിവയ്ക്കുകയായിരുന്നു. പൂർണമായി ത്രില്ലർ ഗണത്തിൽ ഒരുക്കുന്ന മെറി ക്രിസ് മസിന് 90 മിനിറ്റായിരിക്കും ദൈർഘ്യം. പുനെ പശ്ചാത്തലത്തിലാണ് സിനിമ. എന്നാൽ ബഹുഭാഷാ ചിത്രമായിരിക്കുമോയെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
സൂപ്പർഹിറ്റ് തമിഴ് ചിത്രം മാനഗരത്തിന്റെ ബോളിവുഡ് റീമേക്കിൽ വിജയ് സേതുപതിയാണ്കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് മാനഗരത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. മുംബൈക്കാർ എന്നാണ് പേര് . മുനിഷ് കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആമിർ ഖാൻ ചിത്രം ലാൽസിംഗ് ചന്ദിൽ വിജയ് സേതുപതി വേഷമിടുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും താരം പിന്മാറി എന്നാണ് ഇപ്പോൾകേൾക്കുന്നത്. മലയാളത്തിൽ നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിജയ് സേതുപതി എത്തുന്നുണ്ട് . നിത്യ മേനാനാണ് നായിക. അതേസമയം കിഷോർ പാണ്ഡുരംഗ ബേൽക്കർ സംവിധാനം ചെയ്യുന്ന ഗാന്ധി ടോക്‌സ് എന്ന ഹിന്ദി സൈലന്റ് ഫിലിമിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.മാസ്റ്ററാണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.അതേസമയം
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രത്തിൽ അഭിനയിച്ചുവരികയാണ് കത്രീനകൈഫ് ഇപ്പോൾ.അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് പുറത്തിറങ്ങാനുള്ള ചിത്രം.ഗള്ളി ബോയ് ഫെയിം സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവർക്കൊപ്പം ഫോൺ ബൂത്ത് എന്ന കോമഡി ചിത്രവും കത്രീനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.