
വാഷിംഗ്ടൺ: അമേരിക്കൻ ജനതയെ കൊവിഡ് ദുരിതത്തിൽനിന്ന് കരകയറ്റാൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളന്റെ സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകി ജനപ്രതിനിധി സഭ. 212നെതിരെ 219 വോട്ടുകൾക്കാണ് പാക്കേജ് പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് അനുവദിക്കാം. അതേസമയം, രണ്ട് ഡമോക്രാറ്റിക് അംഗങ്ങൾ പാക്കേജിനെ പിന്തുണച്ചില്ല. റിപ്പബ്ലിക്കൻസും എതിർപ്പ് പ്രകടിപ്പിച്ചു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കൊവിഡ് വാക്സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് പാക്കേജിൽ തുക വകയിരുത്തിയത്. കൊവിഡിൽ തകർന്ന ചെറുകിട ബിസിനസ് സംരംഭകർക്കും വീട്ടുടമകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും പണം നൽകും. കൊവിഡ് മൂലം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചിരുന്നു.
ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബൈഡൻ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
അതേസമയം, മിനിമം വേതനം മണിക്കൂറിന് 15 ഡോളർ എന്നതിനും റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് എതിർപ്പുണ്ട്.