
ബിഹാറിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി
ബെംഗളുരു :ബാറ്റിംഗിലും ബൗളിംഗിലും ചുഴലിക്കാറ്റിന്റെ വേഗത്തിൽ വീശിയടിച്ച കേരളം മിന്നുന്ന ചേസിംഗ് വിജയവുമായി വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷ സജീവമാക്കി. കഴിഞ്ഞ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ കർണാടകയോട് ഒൻപതുവിക്കറ്റിന് തോറ്റിരുന്നതിന്റെ നിരാശ മറന്ന് അതേമാർജിനിൽ ബിഹാറിനെയാണ് കേരളം ഇന്നലെ തകർത്തുവിട്ടത്. ടൂർണമെന്റിലെ അഞ്ചുമത്സരങ്ങളിൽ കേരളത്തിന്റെ നാലാം വിജയമാണിത്.
ടോസ് നേടി ബിഹാറിനെ ബാറ്റിംഗിന് ഇറക്കിയ കേരളം 40.2 ഓവറിൽ 148 റൺസിന് അവരെ ആൾഔട്ടാക്കി. മറുപടി ബാറ്റിംഗിൽ 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തിലാണ് കേരളം വിജയത്തിലെത്തിയത്. . ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്. രണ്ട് മെയ്ഡൻ അടക്കം ഒൻപത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് നാലു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേന 10 ഓവറിൽ 30 റൺസ് വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനാണ് ശേഷിച്ച വിക്കറ്റ്.
32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ ട്വന്റി20യേയും വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്തു. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.
ബാറ്റിംഗിലെ വെടിക്കെട്ട്
149 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അതിവേഗ തുടക്കമാണ് സമ്മാനിച്ചത്. ട്വന്റി20 മത്സരത്തെയും അതിശയിക്കുന്ന പ്രകടനവുമായി തകർത്തടിച്ച ഇരുവരും വെറും 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 76 റൺസ്. 10 ഓവറിനുള്ളിൽ കേരളം ലക്ഷ്യം മറികടക്കും എന്ന നിലയിൽ മുന്നേറുമ്പോൾ, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്ടൻ അശുതോഷ് അമൻ കൂട്ടുകെട്ട് പൊളിച്ചു. 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്താണ് വിഷ്ണു മടങ്ങിയത്.
സഞ്ജു സാംസനെ കൂട്ടി ഉത്തപ്പ തുടർന്നും തകർത്തടിച്ചതോടെ കേരളം അനായാസം വിജയത്തിലെത്തി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ വെറും 24 പന്തിൽനിന്ന് അടിച്ചെടുത്തത് 73 റൺസ്! സഞ്ജു ഒൻപത് പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.
നോക്കൗട്ടിലെത്താൻ
എലൈറ്റ് റൗണ്ടിലെ അഞ്ച് ഗ്രൂപ്പുകളിൽ നിന്ന് ഒന്നാം സ്ഥാനക്കാരും മികച്ച റൺറേറ്റുള്ള രണ്ട് ടീമുകളുമാണ് ക്വാർട്ടർ ഫൈനലിലെത്തുക. പ്ളേറ്റ് റൗണ്ടിലെ ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പിലെ റൺറേറ്റിൽ മൂന്നാം സ്ഥാനത്തുവരുന്ന ടീമും തമ്മിൽ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടി ജയിക്കുന്നവർ ക്വാർട്ടറിലെത്തും. ഇന്ന് നടക്കുന്ന ഡൽഹി - രാജസ്ഥാൻ മത്സരത്തിന്റെയും ചണ്ഡിഗഡ് - ജമ്മുകാഷ്മീർ മത്സരത്തിന്റെയും ഫലം അനുസരിച്ചേ കേരളത്തിന് പ്രീക്വാർട്ടറിലേക്കാണോ ക്വാർട്ടറിലേക്കാണോ പ്രവേശനം ലഭിക്കുക എന്ന് തീരുമാനിക്കാനാകൂ.