
വാഷിംഗ്ടൺ: മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ചൈനയുമായി അമേരിക്ക സഹകരിക്കരുതെന്നാവശ്യപ്പെട്ട് മുൻ യു.എൻ അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹാലി ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്ത്. 2022ൽ ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ നിന്ന് യു.എസ് പിന്മാറണമെന്ന് നിക്കി ആവശ്യപ്പെട്ടു. ഒളിമ്പിക്സിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചൈനക്ക് പകരം മറ്റൊരു വേദി കണ്ടെത്തണമെന്നും അവർ നിർദ്ദേശിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവയ്ക്കാനുള്ള വേദിയായാണ് ചൈന ഒളിമ്പിക്സിനെ കാണുന്നത്. ഇതു തിരിച്ചറിയണമെന്നും നിക്കി പറഞ്ഞു. മത്സരത്തിൽനിന്ന് യു.എസ് പിന്മാറണമെന്നാവശ്യപ്പെട്ട് നിക്കി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, റിപ്പബ്ലിക്കൻ നേതാക്കളുടെ ആവശ്യം കണക്കിലെടുത്ത് മത്സരത്തിൽനിന്ന് പിന്മാറുന്നത് പരിഗണനയിലില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.