
മനില: 24 വർഷങ്ങൾക്ക് ശേഷം റോമ്മെൽ ബാസ്കോയും റോസ്‌ലിൻ ഫെററും വിവാഹിതരായിരിക്കുകയാണ്. ഫിലിപ്പീൻസിലെ തെരുവുകളിൽ പാട്ട പെറുക്കി ജീവിക്കുന്ന ബാസ്കോയും റോസ്‌ലിനും തങ്ങളുടെ ആറ് മക്കളുടേയും സാന്നിദ്ധ്യത്തിൽ ആർഭാടമായാണ് വിവാഹം കഴിച്ചത്. തലചായ്ക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ലാതിരുന്ന ആ പാവങ്ങൾക്ക് വിവാഹച്ചെലവ് താങ്ങാൻ സാധിക്കുമായിരുന്നില്ല. എങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ വിവാഹം നടത്തണമെന്നത് ഇരുവരുടേയും സ്വപ്നമായിരുന്നു. ഒരിക്കൽ യാദൃശ്ചികമായി പരിചയപ്പെട്ട ഹെയർ ഡ്രസ്സറായ റിച്ചാർഡ് സ്ട്രാൻഡ്സുമായുള്ള അടുപ്പമാണ് ഇവരുടെ സ്വപ്നസാക്ഷാത്കാരത്തിന് വഴിതുറന്നത്.
ഇവരുടെ ദുരിതജീവിതം കണ്ടറിഞ്ഞ സ്ട്രാൻഡ്സ് സുഹൃത്തുക്കളുമായി ചേർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. വിവാഹത്തിനുള്ള ലൈസൻസ് സംഘടപ്പിച്ചതും ഫോട്ടോ ഷൂട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതും പള്ളിയിൽ വച്ചുള്ള വിവാഹത്തിനുള്ള പണം കണ്ടെത്തിയതുമെല്ലാം സ്ട്രാൻഡ്സാണ്. യഥാർത്ഥ സ്നേഹം ആഘോഷിക്കപ്പെടേണ്ടതാണ്. നിങ്ങൾ സമ്പന്നനാണോ ദരിദ്രനാണോ എന്നതൊന്നും ഒരു വിഷയമല്ല- സ്ട്രാൻഡ്സ് പറയുന്നു. 55 കാരനായ ബാസ്കോ വെള്ള സ്യൂട്ടും 50 കാരിയായ റോസ്‌ലിൻ വെള്ള ഗൗണുമാണ് വിവാഹത്തിന് അണിഞ്ഞത്. ഇത്തരത്തിലുള്ളൊരു വിവാഹവേഷം ചെറുപ്പകാലം മുതലുള്ള തന്റെ മോഹമായിരുന്നുവെന്ന് റോസ്‌ലിൻ പറഞ്ഞു. ഞങ്ങൾ പണക്കാരല്ല. എങ്ങനെയും ഭക്ഷണം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ-റോസ്‌ലിൻ പറഞ്ഞു.