
തൃപ്പൂണിത്തുറ: കേരളത്തിൽനിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് വേണ്ടി മോദി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
കേരളത്തിൽനിന്ന് ഒരു എം.പിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു. കേരളത്തിലെ ദേശീയ പാതയ്ക്ക് സർക്കാർ നീക്കിവെച്ചത് 65000 കോടി രൂപയാണ്. കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപയും. 5070 കോടി രൂപയാണ് പുഗല്ലൂർ തൃശ്ശൂർ ട്രാൻസ്മിഷൻ പ്രോജക്ടിനായി നൽകിയത്. കാസർകോട് സോളാർ പവർ പ്രോജക്ട്, അരുവിക്കര വാട്ടർ ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി. 47 വർഷം മുൻപ് നിർമാണം ആരംഭിച്ച ആലപ്പുഴ ബൈപാസ് ഇപ്പോഴാണ് പൂർത്തീകരിച്ചിരിക്കുന്നത്. 47 വർഷമായിട്ടും എൽ.ഡി.എഫിനോ യു.ഡി.എഫിനോ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.