hnis

കൊച്ചി: കൊവിഡിനിടയിലും ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നു. 2019ൽ 104 പേരായിരുന്നു ഭാരതീയ ശതകോടീശ്വരന്മാ‌ർ. കൊവിഡ് മഹാമാരി ആഞ്ഞടിച്ച 2020ൽ എണ്ണം 113 ആയി. അന്താരാഷ്‌ട്ര ആസ്‌തി വിശകലന ഏജൻസിയായ നൈറ്റ് ഫ്രാങ്കിന്റെ 'ദ വെൽത്ത് റിപ്പോർട്ട് - 2021" ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ഓടെ ഇന്ത്യൻ ശതകോടീശ്വ ക്ളബ്ബ് അംഗങ്ങളുടെ എണ്ണം 43 ശതമാനം വർദ്ധിച്ച് 162ലെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം രാജ്യത്തെ സമ്പന്നരുടെയും അതിസമ്പന്നരുടെയും എണ്ണത്തിൽ കഴിഞ്ഞവർഷം കുറവുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. 10 ലക്ഷം ഡോളറിലധികം (ഏകദേശം 7.4 കോടി രൂപ) ആസ്തിയുള്ളവരുടെ (സമ്പന്നർ അഥവാ ഹൈ നെറ്റ്‌വർ‌ത്ത് ഇൻഡിവിജ്വൽസ് - എച്ച്.എൻ.ഐ) എണ്ണം എട്ട് ശതമാനം കുറഞ്ഞ് 3.5 ലക്ഷമായി. അതിസമ്പന്നർ അഥവാ അൾട്ര ഹൈ നെറ്റ്‌വർ‌ത്ത് ഇൻഡിവിജ്വൽസിന്റെ (യു.എച്ച്.എൻ.ഐ) എണ്ണം കുറഞ്ഞത് രണ്ടു ശതമാനമാണ്. 6,884 പേരാണ് നിലവിൽ യു.എച്ച്.എൻ.ഐകൾ. മൂന്നു കോടി ഡോളറിനുമേൽ (222 കോടി രൂപ) ആസ്‌തിയുള്ളവരാണ് ഈ ഗണത്തിലുള്ളത്.

അതിവേഗം ഇന്ത്യ

ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നതിൽ ആഗോള ശരാശരിയേക്കാൾ വേഗം ഇന്ത്യയ്ക്കുണ്ടെന്ന് നൈറ്റ് ഫ്രാങ്കിന്റെ 'ദ വെൽത്ത് റിപ്പോർട്ട് - 2021" പറയുന്നു. 2025ഓടെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 43 ശതമാനം ഉയരും. ഇക്കാലത്ത് ആഗോള ശരാശരി 24 ശതമാനവും ഏഷ്യൻ ശരാശരി 38 ശതമാനവുമായിരിക്കും.

75%

പത്തുലക്ഷം ഡോളറിലധികം സമ്പത്തുള്ള ഇന്ത്യക്കാരുടെ എണ്ണം നിലവിൽ 3.5 ലക്ഷമാണ്. 2025ഓടെ എണ്ണം 75 ശതമാനം ഉയർന്ന് 6.1 ലക്ഷമാകും. മൂന്നുകോടി ഡോളറിനുമേൽ ആസ്‌തിയുള്ളവരുടെ എണ്ണം 63 ശതമാനം വർദ്ധിച്ച് നിലവിലെ 6,884ൽ നിന്ന് 11,198ലെത്തും.