
ടെഹ്റാൻ: ഇറാൻ - ഇറാക്ക് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരിഫ്. ഇറാക്ക് മന്ത്രി ഫുവാദ് ഹുസൈനുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കൻ ഇടപെടലുകളെ പരോക്ഷമായി സരിഫ് വിമർശിച്ചത്.
അതിർത്തികളിൽ ഇറാക്കി - സിറിയ സേനകളെ പരിശോധിക്കുന്ന അമേരിക്കൻ നടപടി ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇറാക്കിൽ നടന്ന ആക്രമണം ഇറാൻ- ഇറാക്ക് ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്താനായി ആസൂത്രണം ചെയ്ത് നടത്തിയതാണ് - സരിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക സിറിയയിലെ ഇറാൻ പിന്തുണയുള്ള ഭീകര സംഘങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. ഒന്നിച്ച് നിന്ന് മുന്നോട്ടുപോകുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ ഇരു രാജ്യങ്ങളും വ്യക്തമാക്കി.
 ബൈഡനെതിരെ വിമർശനം
സിറിയയിലെ വ്യോമാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വൻ വിമർശനം ഉയരുന്നുണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പ്രസിഡന്റിന് യുദ്ധവുമായി ബന്ധപ്പെട്ട് അനുവദിച്ചു നൽകിയ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗമാണ് ഈ ആക്രമണമെന്നാണ് വിമർശനമുയരുന്നത്. കോൺഗ്രസ് പ്രതിനിധികളടക്കമുള്ളവർ ആക്രമണത്തിന്റെ നിയമസാധുത ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം ഇറാക്ക് നേരിട്ട് പിന്തുണക്കുന്ന ഹാഷേദ് അൽ-ഷാബി പൗരസേനിയിലുള്ളവരാണെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകൾ അറിയിച്ചത്. എന്നാൽ, മരിച്ചത് ഭീകര സംഘടനയിൽപ്പെട്ടവരാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 22 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാക്കിലെ യു.എസ് സേനയ്ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടായിരുന്നു അമേരിക്ക ഈ ആക്രമണം നടത്തിയത്.