mukesh-ambani

മുംബയ്: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു നിറച്ച കാർ നിറുത്തിയിട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ജയ്ഷ് ഉൽ ഹിന്ദ്. ഇതുവരെയുള്ളത് ട്രെയ്ലർ മാത്രമാണെന്നും ചിത്രം ഇനി വരാൻ ഇരിക്കുതേയുള്ളുവെന്നും ടെലഗ്രാമിൽ വന്ന സന്ദേശത്തിൽ പറയുന്നു.

സംഭവത്തിൽ ഭീകര ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബയ് പൊലീസ് അറിയിച്ചിരുന്നു.

ടെലിഗ്രാം ആപ്പിലെ സന്ദേശത്തിൽ ബിറ്റ്‌കോയിൻ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്തുള്ള സന്ദേശത്തിൽ പറയുന്നു. ‘നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ തടയുക’ എന്ന വെല്ലുവിളിയും അന്വേഷണ ഏജൻസികൾക്ക് നേരെ ഉയർത്തിയിട്ടുണ്ട്.

പൊലീസിന്റെയും എൻ.ഐ.എയുടെയും നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്. സ്‌ഫോടക വസ്തു നിറച്ച സ്‌കോർപിയോ ഓടിച്ച ഡ്രൈവർക്കും ഇയാളുമായി കടന്നുകളഞ്ഞ ഇന്നോവയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്‌കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിന്റേതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്.

നേരത്തേ, ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും ജയ്‌ഷ് ഉൽ ഹിന്ദ് ഏറ്റെടുത്തിരുന്നു.