athletics

നിലമെച്ചപ്പെടുത്തി കേരളം രണ്ടാം സ്ഥാനത്ത്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ദക്ഷിണേന്ത്യ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാംതവണയും തമിഴ്നാട് കിരീടം സ്വന്തമാക്കി. കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായിരുന്ന കേരളം ഇത്തവണ രണ്ടാമതെത്തി.

35 സ്വർണവും 42 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 722 പോയിന്റ് നേടിയാണ് തമിഴ്നാട് കിരീടം ചൂടിയത്. 28 സ്വർണവും 39 വെള്ളിയും 29 വെങ്കലവും നേടി 654 പോയിന്റുമായാണ് കേരളം രണ്ടാമതെത്തിയത്. 18 സ്വർണവും 10 വെള്ളിയും 14 വെങ്കലവും നേടി 334 പോയിന്റുമായി കർണാടക മൂന്നാംസ്ഥാനത്തും ആറ് സ്വർണവും നാല് വെള്ളിയും 14 വെങ്കലവും നേടി 215 പോയിന്റുമായി ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമെത്തി. ചരിത്രത്തിലാദ്യമായി രണ്ടുസ്വർണ മെഡൽ നേടി ലക്ഷദ്വീപും ചാമ്പൻഷിപ്പിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

അവസാന ദിനമായ ഇന്നലെ മൂന്നു മീറ്റ് റെക്കാഡുകളാണ് പിറന്നത്. അണ്ടർ 18 200 മീറ്ററിൽ കർണാടകയുടെ പ്രിയ ഹബ്ബത്തനഹള്ളി മോഹനും മെൻ അണ്ടർ 18 വിഭാഗം 1500 മീറ്ററിൽ കർണാടകത്തിന്റെ തുഷാർ ബാസന്ത് ബഹകനെയും മെൻ അണ്ടർ 20 വിഭാഗത്തിൽ ട്രിപ്പിൾ ജമ്പിൽ തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലുമാണ് റെക്കാഡുകൾ ഭേദിച്ചത്.