
കൊച്ചി: ദൈവത്തിന്റെ നാടായ കേരളത്തെ പിണറായി ഭരണം മതമൗലികവാദികളുടെ സ്വന്തമാക്കിയെന്നും കോണ്‍ഗ്രസ് അതിന് കൂട്ടാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഹിന്ദുവംശഹത്യയായ മാപ്പിളലഹളയുടെ ശതാബ്ദി ആഘോഷിക്കാനും അന്നത്തെ മുദ്രാവാക്യം ആവര്‍ത്തിക്കാനും അനുമതി നല്കുന്നു. ഭരണഘടനാ വിരുദ്ധമായ മുദ്രാവാക്യം മുഴക്കിയവരെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. മുഖ്യമന്ത്രി പിണറായി വിജയന് പറയണം. കേരളത്തില്‍നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധി പറയണം. കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാനം ഇല്ലാതാക്കി ഈ സര്‍ക്കാര്‍. എവിടെയും അക്രമമാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണനെ വധിച്ചത് എസ്ഡിപിഐയാണ്. സിപിഎം അക്രമങ്ങള്‍ നടത്തുന്നു, കൂട്ടു നില്ക്കുന്നു. പശ്ചിമ ബംഗാളിലും അവര്‍ ഇതാണ് ചെയ്തത്. എസ്ഡിപിഐഎയുമായി രഹസ്യ സഖ്യമുള്ളതാണ് ഇതിന് കാരണം. 1921ലെ ഹിന്ദുവംശഹത്യയായ മാപ്പിള ലഹളയുടെ ശതാബ്ദി ആഘോഷിക്കുന്ന പ്രകടനത്തിന് അനുമതി നല്കിയതാരാണ്.
കോണ്‍ഗ്രസും അതിനു കൂട്ടാണ്. ന്യൂനപക്ഷ പ്രീണനമല്ല, മതമൗലികവാദ സംരക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനോട് കേരളത്തിലെ ജനങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ചെയ്തതുപോലെ പ്രതികരിക്കണം. ശബരിമല അയ്യപ്പന്റെ കാര്യത്തില്‍ പന്തളത്ത് എങ്ങനെ വിജയിച്ചുവോ അതുപോലെ ഈ തിരഞ്ഞെടുപ്പിലും ചെയ്യണം.
സുരേന്ദ്രന്റെ വിജയയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. കമ്യൂണിസ്റ്റുകള്‍ പേടിക്കുന്ന യോഗിക്കെതിരെ പ്രകടനത്തിന് എസ്ഡിപിഐക്ക് സര്‍ക്കാര്‍ അനുമതി നല്കി. ഒരു പാര്‍ട്ടിയുടെ പരിപാടിക്ക് വന്നയാളാണ് യോഗി. എല്ലാത്തരത്തിലും പരാജയമാണ് പിണറായി വിജയൻ സര്‍ക്കാര്‍.
എല്ലാ മേഖലയിലും ഈ സർക്കാർ അഴിമതി നടത്തുന്നു. ബജറ്റിന് പുറത്തു പണം ചെലവിടാൻ കിഫ്ബി എന്ന സംവിധാനം ഉണ്ടാക്കി. കിഫ്ബിക്കെതിരെ സിഎജി റിപ്പോർട്ട് ഉണ്ടായി. നിര്‍മല സീതാരാമന് പറഞ്ഞു.
ബജറ്റിന് പുറത്ത് പണം ധൂർത്തടിക്കാനാണിത്. കിഫ് ബി നിയമവിരുദ്ധ സംവിധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 5000 കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിദേശ കമ്പനിക്കാണ് കൊടുത്തത്. ആരാണ് ഇവരെന്ന് നാട്ടുകാർക്കറിയില്ല. പിഎസ്സി വഴിയുള്ള നിയമനം സിപിഎംകാർക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും മാത്രമായി. ജോലി ലഭിക്കാതെ 28 വയസുകാരന് ആത്മഹത്യ ചെയ്തു. ഇടതുപക്ഷം പണമുണ്ടാക്കുകയും ബന്ധുക്കളെ സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായെന്നും നിർമല സീതാരാമൻ പറഞ്ഞു.