
കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിലെ ആകർഷക പ്രഖ്യാപനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം കുതിച്ചൊഴുകുന്നു. ഈമാസം ഇതുവരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വാങ്ങിക്കൂട്ടിയത് 25,787 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്. അമേരിക്കയുടേത് ഉൾപ്പെടെ ആഗോളതലത്തിൽ ബോണ്ട് യീൽഡുകൾ (കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ/നേട്ടം) കൂടിയതിനാൽ കഴിഞ്ഞവാരാന്ത്യം ഓഹരികൾ നേരിട്ട തളർച്ച സംഭവിച്ചിരുന്നില്ലെങ്കിൽ നിക്ഷേപം ഇതിലും കൂടുമായിരുന്നു.
ബോണ്ട് യീൽഡുകൾ കൂടുതൽ ആകർഷകമായതിനാൽ ഓഹരി വിപണികളെ കൈവിട്ട് നിക്ഷേപകർ അവയിലേക്ക് കൂട്ടത്തോടെ ചേക്കേറുന്ന ട്രെൻഡ് ദൃശ്യമാണ്. ബഡ്‌ജറ്റിൽ കേന്ദ്രം പുതിയ നികുതി നിർദേശങ്ങൾ ഉൾപ്പെടുത്താതിരുന്നതും പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ കൂടുതൽ സ്വകാര്യവത്കരണ പദ്ധതികൾ പ്രഖ്യാപിച്ചതുമാണ് വിദേശ നിക്ഷേപകരെ ആകർഷിച്ചത്. നടപ്പുവർഷം ഇതുവരെ ഓഹരികൾ നേടിയ വിദേശ നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്. ഏക്കാലത്തെയും ഉയർന്ന നിക്ഷേപമാണിത്. കടപ്പത്രങ്ങളിലേക്കുള്ളത് ഉൾപ്പെട ഇന്ത്യൻ മൂലധന വിപണിയിലെത്തിയ മൊത്തം വിദേശ നിക്ഷേപം ഈമാസം ഇതുവരെ 42,044.46 കോടി രൂപയാണ്.