tamil-nadu-

ചെന്നൈ: തമിഴ്‌നാട്ടുകാരുടെ ഭാഷാസ്നേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ തമിഴ്ഭാഷാ ചീട്ടിറക്കി ബി..ജെ.പി. ലോകത്തെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ അമിത് ഷായും. അക്കാര്യം ആവർത്തിച്ചു. വില്ലുപുരത്ത് നടന്ന തിരഞ്ഞെടുപ്പ്പ്രചാരണ പരിപാടിയിലാണ് അമിത് ഷാ തമിഴ് ഭാഷയെക്കുറിച്ച് സംസാരിച്ചത്. പഴക്കവും മധുരിതവുമായ തമിഴ് ഭാഷയിൽ പ്രവർത്തകരോട് സംസാരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്.

രാജ്യത്തെ പഴക്കമേറിയ, മധുരമേറിയ തമിഴ് ഭാഷയിൽ സംസാരിക്കാൻ കഴിയാത്തതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു', അമിത് ഷാ പറഞ്ഞു. .തമിഴ് പഠിക്കാൻ കഴിയാതിരുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ന് മൻ കി ബാത്തിൽ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് ഒരു കുറവാണെന്നു കരുതുന്നതായും മോദി പറഞ്ഞു

നേരത്തേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുളള ബി.ജെ.പിയുടെ ശ്രമത്തിനെതിരെ തമിഴ് നാട്ടിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായുളള കേന്ദ്രത്തിന്റെ ത്രിഭാഷ ഫോർമുല കേന്ദ്രം പുറത്തുവിട്ടതോടെയാണ് ഭാഷാപ്രശ്നം ഉയർന്നുവന്നത്.