
തിരുവനന്തപുരം: കാർ തിരിമറി നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി 13വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി തോന്നയ്‌ക്കൽ റോഡരികത്ത് വീട്ടിൽ സലാഹുദ്ദീൻ എന്ന സലാഹിനെ കരായ്ക്കാമണ്ഡപത്ത് നിന്ന് (55) പൊലീസ് പിടൂകൂടി. വ്യാജ വിലാസത്തിൽ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടന്നിരുന്നു. ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും ടോട്ടൽ ലോസായ കാറുകൾ എടുത്ത് അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി മാർക്കറ്റ് വിലയ്ക്ക് വില്പന നടത്തുകയാണ് മോഷണ രീതി. 15വർഷം മുമ്പ് നിലമ്പൂരിൽ പൂക്കോട്ടും പാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിക്കവെ മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിൽ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തിൽ മോഷ്ടിച്ചത്. കൂട്ടാളി ബംഗളൂരുവിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങൾ മോഷ്ടിച്ച് സലാഹിന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. താമരശേരി സി.ഐയായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച കാർ നമ്പർ മാറ്റി നിലമ്പൂരിൽ ഉപയോഗിച്ച് വരുന്നതിനിടെയാണ് പിടിയിലായത്. കോഴിക്കോട് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോർട്ട് തരപ്പെടുത്തി ഗൾഫിലേക്ക് മുങ്ങിയ പ്രതി തിരികെ നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. നിലമ്പൂർ കോടതിയിൽ കേസിന് ഹാജരാകാതായതോടെ സലാഹുദ്ദീനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. നിലമ്പൂർ ഡി.വൈ. എസ്. പി. ബെന്നി. വി.വിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തവെ വഴിക്കടവ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ രാജീവ് കുമാർ. കെ പ്രതിയെ തന്ത്രപരമായി തിരുവനന്തപുരം കരയ്ക്കാമണ്ഡപത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി ജയിലിലേക്ക് മാറ്റി.