my-home-

കടലിനെ പകർത്തി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഹിറ്റായ വീടിനെ അഭിനന്ദിച്ച് ഫിഷറീസ് മന്ത്രി മേഴ്സ്ക്കുട്ടിയമ്മ. കാസർകോട് കസബ ബീച്ചിലെ മത്സ്യത്തൊഴിലാളി കുടുംബമായ ശിശുപാലന്റെയും സുമിത്രയുടെയും വീടിന്റെ ചുമരിലാണ് കടലിനെ അതേപടി പകർത്തിയിരിക്കുന്നത് വ്യത്യസ്തമായ ഈ വീട് ഇപ്പോൾ വാർത്തകളിലും ഇടം നേടിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളിയായ ശിശുപാലന്റെ വീടിന്റെ ചുമരുകളെല്ലാം മത്സ്യബന്ധനത്തിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശിശുപാലനും മകനും ചിത്രത്തിലെ കഥാപാത്രമാണ്.

10 വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബമാണ് ശിശുപാലന്റെത്. ഈയിടെയാണ് ഭൂരഹിതർക്കുള്ള സർക്കാരിന്റെ ഭവന പദ്ധതിയിൽ അനുവദിച്ച 3 സെന്റ് ഭൂമിയിൽ തന്റെ അധ്വാനവും ചേർത്ത് വീട് പൂർത്തീകരിച്ചത്. വീട് പണിതപ്പോൾ അതിൽ അന്നം തരുന്ന കടലിനെയും ഉൾപ്പെടുത്തണമെന്ന മോഹമാണ് കടൽ വീടൊരുക്കിയതിനു പിന്നിൽ. കൊച്ചി സ്വദേശി സച്ചിൻ സാംസൺ, സഹായി കോട്ടയം സ്വദേശി അഭിജിത്ത് ആചാര്യ എന്നിവർ ചേർന്ന് രണ്ടാഴ്ച കൊണ്ടാണ് വീടിന്റെ ചുമരിൽ ചിത്രങ്ങൾ വരച്ചത്.

വീട് സന്ദർശിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ ശിശുപാലനെ അഭിനന്ദിച്ചു. ഇത് മറ്റു തൊഴിലാളികൾക്കും മാതൃകയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.