
നെടുമങ്ങാട്: കുറഞ്ഞ പലിശ നിരക്കിൽ വായ്പ തരപ്പെടുത്തി നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് ജൂബിലി നഗർ കോട്ടമുകൾ കുന്നിൽ വീട്ടിൽ ജെ. സനിൽ ദാസ് (37) ആണ് പിടിയിലായത്. തിരുവനന്തപുരത്തുള്ള ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ ഓട്ടോറിക്ഷായാത്രയിലാണ് പ്രതിയുമായി പരിചയപ്പെട്ടത്. വീട്ടമ്മയുടെ സാമ്പത്തിക പ്രയാസം മനസിലാക്കി, കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കാൻ മെഡിക്കൽ കോളേജ് ഭാഗത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എം.ഡിയെ നേരിൽ കാണണമെന്ന് ധരിപ്പിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജിൽ വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ യുവതിയുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ് പി.എസിന്റെ നേതൃത്വത്തിൽ എസ്.ഐ അഷ്റഫ്, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ, ഡ്രൈവർ രാജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.