
തിരുവനന്തപുരം : റവന്യുവകുപ്പിലെ ഉദ്യോഗസ്ഥയായ ആനി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അഞ്ചുതെങ്ങ് കായിക്കരയിലെ നാട്ടുകാരും ബന്ധുക്കളും. ഇതിനെക്കാൾ വലിയ ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെയായിരുന്നു ആനി മുന്നോട്ട് പോയത് ,അതുകൊണ്ടാണ് സംഭവത്തിൽ കുറ്റക്കൊരെന്ന് സംശയിക്കുന്ന സഹപ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്. വിഷമഘട്ടങ്ങളിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാതെ സർക്കാർ ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ആനി തെളിയിച്ചു. സൗമ്യ സ്വഭാവക്കാരിയായിരിക്കുമ്പോഴും നിശ്ചയ ദാർഢ്യത്തോടെ ജീവിച്ചു.
13 വർഷമായി ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഓഫീസിൽ അസിസ്റ്രന്റായ ആനി പി.എസ്.സിവഴിയാണ് സർവീസിൽ എത്തിയത്. 20 വർഷം മുൻപ് ഭർത്താവ് അകന്നെങ്കിലും രണ്ടുമക്കളെയും ചേർത്തു പിടിച്ചായിരുന്നു മുന്നോട്ടുള്ള ജീവിതം. അതിനിടെയിലാണ് ജോലി നേടിയത്.
ഒരുപാട് പ്രതീക്ഷകളുമായാണ് മകൻ വിഷ്ണുവിനെ സി.എക്ക് ചേർത്തും ഡിഗ്രി കഴിഞ്ഞ മകൾ പാർവതിയെ തുടർപഠനത്തിന് ചേർക്കാൻ തയ്യാറെടുത്തതും. സമീപത്തുള്ള സഹോദരങ്ങളുടെ വീട്ടിൽ പോലും കൂടുതലായി എത്താൻ തിരക്കുകൾ കാരണം ആനിക്ക് സാധിച്ചിരുന്നില്ല.
എന്നും രാവിലെ 5.30ന് എഴുന്നേൽക്കുന്ന ആനി വീട്ടുജോലിയും കഴിഞ്ഞ് മക്കൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങും. കൊവിഡിന് മുൻപ് വരെ ട്രെയിനിലായിരുന്നു മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ എത്തിയിരുന്നത്. കൊവിഡിനുശേഷം ബസിലും കൂടാതെ പഠനസംബന്ധമായി തിരുവനന്തപുരത്തേക്ക് വരുന്ന മകനൊപ്പവുമായി യാത്ര. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിലായും ജോലികളുമായി തിരക്കുകളിൽ മുഴുകും. കുടുംബവീട്ടിൽ താമസിച്ചിരുന്ന ആനി കഷ്ടപ്പാട് സഹിച്ചാണ് സ്വന്തമായി വീട് വച്ചത്. തറയുടെ പണികൾ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. കടങ്ങളും ബാക്കിയാക്കിയാണ് ആനിയുടെ വേർപാട്. ജീവിതത്തിൽ വഴികാട്ടിയായും തണലായും ഒപ്പമുണ്ടായിരുന്നു അമ്മ വിട്ടുപോയത് മക്കൾക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.