
മലപ്പുറം: നേന്ത്രപ്പഴത്തിന് വില കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ ആയിരത്തിലധികം കർഷകർ കടക്കെണിയിൽ. കിലോയ്ക്ക് 15 രൂപയാണ് കർഷകർക്ക് മൊത്തവിപണിയിൽ ലഭിക്കുന്നത്. നേരത്തെ കിലോയ്ക്ക് 25 മുതൽ 32 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഴ കർഷകരുള്ള ജില്ല കൂടിയാണ് മലപ്പുറം. പ്രളയവും വരൾച്ചയും വാഴ കർഷകർക്ക് വലിയ നഷ്ടമേകിയിരുന്നു. അഞ്ച് ലക്ഷത്തിലധികം വാഴകളാണ് നശിച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മാത്രം ജനുവരിയിൽ 10.25 ഹെക്ടറിലെ വാഴക്കൃഷി നശിച്ചിരുന്നു. ഇതിൽ നിന്ന് കരകയറും മുമ്പെയാണ് വിലത്തകർച്ച വീണ്ടും ഇരുട്ടടിയേകിയത്. പ്രളയ, വരർച്ചാ കാലയളവിലെ നഷ്ടപരിഹാരം തന്നെ പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല. വിള ഇൻഷ്വറൻസ് തുക ലഭിക്കാൻ ഏറെ വൈകിയത് വായ്പയെടുത്തും മറ്റും കൃഷി ചെയ്തവർക്ക് തിരിച്ചടിയായിരുന്നു. വിലയിടിവ് മൂലമുള്ള നഷ്ടത്തിന് സർക്കാർ സഹായം ലഭിക്കില്ലെന്നതിനാൽ കർഷകർ തന്നെ സഹിക്കേണ്ടിവരും. വാഴക്കാട്, ചാലിയാർ, കാളികാവ്, നിലമ്പൂർ മേഖലകളിലാണ് വാഴ കൃഷിയേറെയും. ചാലിയാർ പഞ്ചായത്തിലാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നേന്ത്ര കൃഷിയുള്ളത്.
വിലക്കുറവല്ല, കർഷകരുടെ കണ്ണീരാണിത്
നൂറു രൂപ കൊടുത്താൽ ഒരു നേന്ത്രക്കുല തന്നെ വാങ്ങാമെന്ന സ്ഥിതിയാണിപ്പോൾ. കിലോയ്ക്ക് 20 രൂപ മാത്രം. വഴിയോരങ്ങളിൽ ഉടനീളം ചെറുവാഹനങ്ങളിലും മറ്റുമായി വിൽപ്പന നടക്കുന്നുണ്ട്. കടകളിൽ 25 മുതൽ 28 രൂപ വരെ ഈടാക്കുന്നുണ്ട്. സമീപകാലത്തൊന്നും നേന്ത്രപ്പഴത്തിന് ഇത്ര വിലയിടിഞ്ഞിട്ടില്ലെന്ന് കർഷകർ പറയുന്നു. കർണാടകയിൽ ഉത്പാദനം വലിയ തോതിൽ വർദ്ധിച്ചതും വിപണിയിൽ ഉപഭോഗത്തിലുണ്ടായ കുറവുമാണ് വിലത്തകർച്ചയ്ക്ക് കാരണം. കർണാടകയിൽ പാട്ടക്കൃഷി നടത്തുന്ന നിരവധിപേർ ജില്ലയിൽ നിന്നുണ്ട്. ഇവർക്കും ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നേന്ത്രക്കുലകൾ വരുന്നതിനാൽ ജില്ലയിൽ കൃഷി ചെയ്യുന്നവ വാങ്ങാനും ആളുകൾ കുറവാണ്. ഇതോടെ സ്വന്തംനിലയ്ക്ക് റോഡരിൽ നേന്ത്രവിൽപ്പന നടത്തുന്ന കർഷകരുണ്ട്. ഒരുവാഴയ്ക്ക് ഏകദേശം 150 രൂപയിലധികം ചെലവ് വരുന്നുണ്ട്. കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ മുതൽമുടക്ക് തിരിച്ചുകിട്ടൂ.
ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് വാഴയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കുലകളുടെ വരവ് കൂടിയതാണ് വിലക്കുറവിന് കാരണം. കർഷകരെ ഏതെല്ലാം വിധത്തിലിത് ബാധിച്ചെന്നത് പരിശോധിച്ചിട്ടില്ല.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ