bbhhh

മലപ്പുറം: റോഡ് നിയമങ്ങൾ പാലിക്കാതെ നിരത്തിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏത് നിമിഷവും നിങ്ങൾക്ക് പണി കിട്ടാം. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഈ മാസം ജില്ലയിലെ നിരത്തുകളിൽ പരിശോധന ശക്തമാക്കാനാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശം. മോട്ടോർ വാഹന വകുപ്പും പൊലീസും പ്രധാന നിരത്തുകളിൽ പരിശോധന നടത്തും. ഈ ആഴ്ച്ച ഹെൽമെറ്റ് - സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കും. നിശ്ചിത ദിവസങ്ങളിൽ പ്രത്യേക നിയമലംഘനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം.

സീബ്ര ക്രോസിംഗ്, സ്‌റ്റോപ്പ് ലൈൻ ക്രോസിംഗ്, അനധികൃത പാർക്കിംഗ്,​ സിഗ്നലുകൾ പാലിക്കാതിരിക്കുക തുടങ്ങിയവ പരിശോധിക്കും. സ്‌കൂൾ പരിസരങ്ങളിലെ അമിതവേഗക്കാരെ പിടികൂടുന്നതിന് പ്രത്യേക പരിശോധനയും നടത്തും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും. ഒരുദിവസം നീളുന്ന റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കേണ്ടി വരും. ഓരോ ജില്ലകളിലും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഈ മാസം അവസാനം ഗതാഗത കമ്മിഷണർക്ക് സമർപ്പിക്കണം.

ജില്ലയിൽ ലോക്ക് ഡൗണിന് ശേഷം ഇരുചക്രവാഹനങ്ങളുടെ എണ്ണം 20 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി വ്യാജ ഹെൽമെറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പ്രധാന കമ്പനികളുടെ മുദ്ര‌യും ഐ.എസ്.ഐ മാർക്കും പതിപ്പിച്ചുള്ള ഹെൽമെറ്റുകൾക്ക് 200 മുതൽ 250 രൂപ മതി. ഒറിജിനൽ ഹെൽമെറ്റുകൾക്ക് ആയിരം രൂപ മുതൽ നൽകേണ്ടിവരും. വ്യാജ ഹെൽമെറ്റുകൾക്ക് അപകടങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതിനാൽ ജീവഹാനിയിലേക്ക് വരെ കാര്യങ്ങളെത്തിക്കാമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു.

റോഡുകളിലെ നിയമലംഘകരെ പിടികൂടാനുള്ള പ്രത്യേക പരിശോധന നടത്തുന്നുണ്ട്. അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യം. ജില്ലയിൽ അപകടങ്ങൾ ഏറെ നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തിയുള്ള പ്രത്യേക പരിശോധനയിലൂടെ മുൻവർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളും മരണസംഖ്യയും കുറയ്ക്കാനായിട്ടുണ്ട്.

ടി.ജി ഗോകുൽ,​ ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ