
വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ലോറിയിലുണ്ടായിരുന്ന പാലക്കാട് മലമ്പുഴ സ്വദേശി അജയൻ (40), തമിഴ്നാട് കോയമ്പത്തൂർ മധുക്കരൈ സ്വദേശി മുത്തുകുമാർ (34) എന്നിവരാണ് മരിച്ചത്. പൂർണമായും തകർന്ന ലോറിക്കടിയിൽ നിന്ന് മൂന്നര മണിക്കൂർ പരിശ്രമിച്ചാണ് എട്ടോടെ രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ആയിരുന്നു അപകടം. ഗോവയിൽ നിന്ന് തൃശൂരിലേക്ക് കമ്പിയുമായി പോവുകയായിരുന്ന ലോറി അപകടവളവിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് യൂണിറ്റും വളാഞ്ചേരി പൊലീസും ട്രോമാകെയർ വാളന്റിയർമാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കഴിഞ്ഞ 10 ദിവസത്തിടെ മൂന്ന് അപകടങ്ങളാണ് വട്ടപ്പാറയിലുണ്ടായത്. മൂന്നുപേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 23ന് പഞ്ചസാര കയറ്റിവന്ന ലോറി താഴ്ചയിലേക്ക് വീണ് ആന്ധ്ര സ്വദേശി മരിച്ചിരുന്നു. സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ അപകടനിവാരണത്തിനുള്ള നടപടികളൊന്നും ഫലം കാണുന്നില്ല.