mkjj
വട്ടപ്പാറയിൽ ഇന്നലെ അപകടത്തിൽപെട്ട് പാടെ തകർന്ന ലോറി

മലപ്പുറം: വട്ടപ്പാറ വളവിൽ അപകടങ്ങൾ വർദ്ധിക്കുമ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി വളാഞ്ചേരി ഫയർസ്റ്റേഷൻ. രണ്ട് പതിറ്റാണ്ടായിട്ടും ഫയർസ്റ്റേഷനെന്ന ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. ഇതോടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തേണ്ട ഫയർഫോഴ്സും ഓടിയെത്താനാവാതെ കിതക്കുകയാണ്. അഞ്ച് വർഷത്തിനിടെ വട്ടപ്പാറയിൽ 400ലധികം അപകടങ്ങളും 34 പേർക്ക് ജീവഹാനിയുമുണ്ടായി. ചൊവ്വാഴ്ച്ച പുലർച്ചെ കമ്പിയുമായി പോവുകയായിരുന്ന ലോറി വട്ടപ്പാറ വളവിൽ നിന്ന് 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറും മലമ്പുഴ സ്വദേശിയായ ക്ലീനറും മരിച്ചിരുന്നു. സംഭവമറിഞ്ഞ് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമാണ് ഫയർഫോഴ്സെത്തിയത്. വട്ടപ്പാറയിലേക്ക് എത്താൻ മുക്കാൽ മണിക്കൂറോളമെടുക്കും. അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ പോലുമിത് തടസമായി നിൽക്കുന്നുണ്ട്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ചിതറിക്കിടക്കുന്ന കമ്പികൾ മാറ്റുന്നതിനിടയിലാണ് രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതറിഞ്ഞത്.

ഫയർസ്റ്റേഷനായി രണ്ടുവർഷം മുമ്പ് 50 സെന്റ് സ്ഥലവും 2020-21 ബഡ്‌ജറ്റിൽ കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ടിട നിർമ്മാണ ടെൻ‌ഡറിനായി 3.5 കോടിയുടെ പ്രപ്പോസൽ ഫയർഫോഴ്സ് പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. തുക അനുവദിച്ച് കിട്ടാത്തതാണ് നിലവിലെ പ്രശ്നം. കെട്ടിട നിർമ്മാണം തുടങ്ങിയാൽ ആറ് മാസത്തിനകം ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാക്കാനാവും.

കുപ്രസിദ്ധ വളവ്

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന വളവായി വട്ടപ്പാറ മാറിയിട്ടുണ്ട്. വളവിനെ കുറിച്ച് വലിയ ധാരണയില്ലാത്ത ഇതരസംസ്ഥാന ലോറിക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും അശാസ്ത്രീയ നിർമ്മാണവുമാണ് പ്രധാന വില്ലൻ. ഇറക്കവും വളവുമുള്ള സ്ഥലങ്ങളിൽ ക്രമപ്പെടുത്തേണ്ട പ്രതല ചരിവിലെ അശാസ്ത്രീയത അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. വെളിച്ചക്കുറവിനൊപ്പം അപകട സൂചനാ ബോർഡുകൾ അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്ന വിധത്തിലല്ല. നിയന്ത്രണം വിടുന്ന വാഹനങ്ങളെ തടയാൻ റോഡരികിൽ 55 മീറ്റർ നീളത്തിൽ സുരക്ഷാഭിത്തി കെട്ടിയിരുന്നെങ്കിലും പല അപകടങ്ങളിലായി ഇതു പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഏതാനും ദിവസം മുമ്പ് പഞ്ചസാര ലോറി മറിഞ്ഞ് മഹാരാഷ്ട്ര സ്വദേശി മരിച്ചിരുന്നു.

എണീറ്റ് ഓടണം

കൊച്ചിയിലേക്ക് പോവുന്ന ഗ്യാസ് ടാങ്കറുകൾ പലപ്പോഴും വട്ടപ്പാറയിൽ അപകടത്തിൽപ്പെടുന്നുണ്ട്. ഗ്യാസ് ചോർച്ചയെ തുടർന്ന് അർദ്ധരാത്രി സുരക്ഷിത സ്ഥലത്തേക്ക് ഓടേണ്ട അവസ്ഥയിലാണ് നാട്ടുകാർ. പലപ്പോഴും ഭാഗ്യത്തിനാണ് വലിയ ചോ‌ർച്ച ഉണ്ടാവാത്തത്. അപകടങ്ങൾ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തുന്നത് നാട്ടുകാരാണ്. വട്ടപ്പാറയിലെ അപകടങ്ങൾക്ക് പരിഹാരമായി നിർദ്ദേശിക്കുന്ന കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന്റെ നിർമ്മാണം കാലങ്ങളായി ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോവുന്നത്. ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ വട്ടപ്പാറ വളവ് ഒഴിവാക്കി വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ഒരുമാസം മുമ്പാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്.

വട്ടപ്പാറയിൽ രക്ഷാപ്രവ‌ർത്തനം വേഗത്തിലാക്കാൻ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ തുടങ്ങേണ്ടതുണ്ട്. വൈകാതെ കെട്ടിട നിർമ്മാണം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.

മൂസ വടക്കേടത്ത്,​ അഗ്നിശമന സേന ജില്ലാ മേധാവി