മലപ്പുറം: താനൂർ ഒട്ടുംപുറം കടപ്പുറത്തെ ഹാർബർ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തിൽ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികൾ വിലവരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെയും കരുതലും കണക്കിലെടുത്ത് പുലിമുട്ട് വിപുലീകരണ പ്രവൃത്തി പൂർത്തീകരിച്ചു. ഇതിന് പുറമെ വാർഫ്, ലേലപ്പുര, റിക്ലമേഷൻ ബണ്ട് എന്നിവയും ഒരുക്കി. നിലവിലെ പ്രവൃത്തികളെല്ലാം ഫെബ്രുവരി 15നകം പൂർത്തിയാകുമെന്ന് ഹാർബർ എൻജിനീയറിംഗ് വകുപ്പ് താനൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എൻ.കെ മുഹമ്മദ് കോയ പറഞ്ഞു.
മത്സ്യബന്ധന വള്ളങ്ങൾക്ക് ഉൾക്കടലിലേക്ക് പോകാനും മത്സ്യവുമായി സുരക്ഷിതമായി തിരിച്ചെത്താനുമായി ഇരു പുലിമുട്ടുകൾക്കുമിടയിൽ 120 മീറ്റർ വിസ്തൃതിയുള്ള വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ ശക്തമായ തിരമാലകളുടെ ആഘാതം തീരപ്രദേശത്തേക്കുണ്ടാകില്ല. കരയോട് ചേർന്ന കടൽ പ്രദേശത്തെ 10 ഏക്കറിലാണ് ഹാർബറിന്റെ അനുബന്ധ ഘടകങ്ങൾ. ലേലപ്പുരയുടെ കോൺക്രീറ്റിംഗ് ഇതിനകം പൂർത്തിയായിട്ടുണ്ട്.
ജലവിതരണ സംവിധാനങ്ങൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ലോക്കർ റൂം, കാന്റീൻ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ആഭ്യന്തര റോഡുകൾ എന്നിവയും ഹാർബറിലുണ്ടാകും. ചുറ്റുമതിൽ, ചെറിയ വള്ളങ്ങൾക്കുള്ള ജെട്ടി എന്നിവയും പരിഗണനയിലുണ്ട്.
ഏറെ ഉപകാരപ്രദം
ഹാർബർ പൂർത്തിയാകുന്നതോടെ കടൽക്ഷോഭ സമയങ്ങളിൽ നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ തകരുന്നതും മത്സ്യവുമായി തീരത്തേക്ക് എത്തുന്നതിനിടയിൽ അപകടങ്ങളുണ്ടാകുന്നതും തടയാനാവും.
വി. അബ്ദുറഹ്മാൻ എം.എൽ.എ