kkkkkkk

പൊന്നാനി: പൊന്നാനി പിടിക്കാൻ യുവരക്തമോ അതോ പരിചയ സമ്പന്നനോ. സ്ഥാനാർത്ഥി ആരാകണമെന്നതിൽ കോൺഗ്രസിൽ ചർച്ചകൾ സജീവം. മൂന്നുതവണ തുടർച്ചയായി ഇടതുപക്ഷത്തിനൊപ്പം നിന്ന പൊന്നാനി മണ്ഡലം തിരിച്ചുപിടിക്കാൻ യുവരക്തത്തെ രംഗത്തിറക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പരിചയസമ്പന്നനെ കളത്തിലിറക്കണമെന്ന ആവശ്യമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്. പുറത്തു നിന്ന് പ്രമുഖരെ കൊണ്ടുവരണമെന്ന ആവശ്യവും സജീവമാണ്.

യുത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ദിഖ് പന്താവൂർ, യൂത്ത് കോൺഗ്രസ് ദേശീയ കൺവീനർ എ. എം. രോഹിത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. പരിചയസമ്പന്നനെന്ന നിലയിൽ മുൻ കെ.പി.സി സി അംഗം എം.വി. ശ്രീധരന്റെ പേരാണ് നിർദ്ദേശിക്കപ്പെടുന്നത്. ഐ ഗ്രൂപ്പുകാരാണ് പൊന്നാനിയിൽ മത്സരിക്കാറുള്ളത്. യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് കെ.പി.സി.സിക്ക് മുന്നിൽവച്ചിട്ടുണ്ട്. ഗ്രൂപ്പിനധീതമായി വോട്ട് പിടിക്കാനുള്ള മികവാണ് എം.വി. ശ്രീധരന് അനുകൂലമാവുന്നത്.

കഴിഞ്ഞ രണ്ടുതവണ മത്സരിച്ച പി.ടി. അജയ് മോഹൻ പൊന്നാനിയിൽ മത്സരരംഗത്തുണ്ടാവില്ലെന്നാണ് അറിയുന്നത്. കൂടുതൽ സുരക്ഷിതമായ മറ്റൊരു മണ്ഡലമാണ് അജയ് മോഹൻ തേടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമുണ്ടായാൽ അജയ് മോഹൻ മത്സരത്തിനെത്താനുള്ള സാദ്ധ്യതയും തള്ളാനാവില്ല. പുറത്തു നിന്നുള്ളവരെ മത്സരിപ്പിക്കുന്നതിൽ നേതാക്കളിൽ വലിയൊരു വിഭാഗത്തിന് താത്‌പര്യമില്ല.

കോൺഗ്രസ് തുടർച്ചയായ ഇടവേളകളിൽ ജയിച്ചിരുന്ന മണ്ഡലമായിരുന്നു പൊന്നാനി. എം.പി. ഗംഗാധരൻ പലവട്ടം വിജയിച്ചിട്ടുണ്ട്. പി.ടി. മോഹനകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇമ്പിച്ചിബാവ, ടി.കെ. ഹംസ തുടങ്ങിയ പ്രമുഖരെ തോൽപ്പിച്ചായിരുന്നു കോൺഗ്രസിന്റെ വിജയം. 2001ലാണ് അവസാനമായി ഇവിടെ നിന്ന് കോൺഗ്രസ് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടത്. 2006ൽ പാലോളി മുഹമ്മദ് കുട്ടി 20,000ൽ പരം വോട്ടുകൾക്കാണ് വിജയിച്ചത്. 2011ൽ പി. ശ്രീരാമകൃഷ്ണന്റെ വിജയം നാലായിരത്തിൽ പരം വോട്ടുകൾക്കാണ്. 2016ൽ ശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം 15,000ത്തിൽ പരമായിരുന്നു. ഇത്തവണ പൊന്നാനി തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്.

നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഉയർന്നു വന്ന ആക്ഷേപങ്ങൾ ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ ആശാവഹമായ ഫലമല്ല പൊന്നാനിയിലുള്ളത്. ജനപിന്തുണയുള്ള സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കിയാൽ ജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. ഗ്രൂപ്പ് പ്രശ്നങ്ങൾ തലവേദനയായ മണ്ഡലം കൂടിയാണിത്. യ. ഡി.എഫ് വോട്ടുകളിലെ ചോർച്ച തടയാനായാൽ വിജയിക്കാമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിന്. ഇതിന് സ്ഥാനാർത്ഥി നിർണ്ണയം നിർണ്ണായകമാണ്. പൊന്നാനി മണ്ഡലത്തിൽ വെളിയങ്കോട് പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്.