
മലപ്പുറം: യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കാൻ മന്ത്രി കെ.ടി. ജലീലിനെ രംഗത്തിറക്കി സി.പി.എമ്മിന്റെ കരുനീക്കം.സുനാമി, ഗുജറാത്ത് ഫണ്ടുകൾ വകമാറ്റിയത് ചോദ്യം ചെയ്തതിന് 2005ൽ ലീഗിൽ നിന്ന് പുറത്തായതാണ് ജലീൽ. വിവാദങ്ങൾ അണികളെയും സ്വാധീനിച്ചതോടെ, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന് മലപ്പുറത്തടക്കം തിരിച്ചടിയേറ്റിരുന്നു. ഒപ്പം ഐസ്ക്രീം കേസ് വിവാദവും കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താൻ ജലീലിനെ തുണച്ചു. ഫണ്ട് ചെലവഴിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിന്നീട് ലീഗിനും സമ്മതിക്കേണ്ടിവന്നു. ജലീലിലൂടെ മറ്റൊരു ഫണ്ട് വിവാദം കത്തിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ച് യൂത്ത് ലീഗ് നടത്തിയ ഫണ്ട് പിരിവിലെ തിരിമറി വിവാദം ചൂടുപിടിക്കുന്നത് ലീഗിന് തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടൽ. തനിക്കെതിരെ ബന്ധു നിയമന വിവാദം ഉയർത്തിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെതിരായ ആരോപണം ജലീലും അവസരമാക്കുന്നു.
കശ്മീരിലെ കത്‌വയിലും യു.പിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ട് യൂത്ത് ലീഗ് വെട്ടിച്ചെന്നാണ് മുൻ ദേശീയ സമിതിയംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. പിന്നാലെ, ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീനലിയും ആരോപണം ശരിവച്ചത് സി.പി.എമ്മിന് അവസരമായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയതാണ് യൂസഫെന്ന് ചൂണ്ടിക്കാട്ടുമ്പോഴും, മുയീനലിയെ തള്ളാനാവാതെ വിയർക്കുകയാണ് ലീഗ് നേതൃത്വം. എത്ര തുക പിരിച്ചെന്ന് നിരവധി തവണ ചോദിച്ചിട്ടും കമ്മിറ്റിയിൽ കണക്ക് അവതരിപ്പിച്ചില്ലെന്നും ,ഇക്കാര്യം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീന്റെയും .കുഞ്ഞാലിക്കുട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും മുയീനലി പറഞ്ഞിരുന്നു.
ഇരകൾക്കായി പിരിച്ച തുക എത്രയെന്ന് വ്യക്തമാക്കണം: മന്ത്രി
മലപ്പുറം: കത്‌വ, ഉന്നാവോ ഇരകൾക്കായി പിരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ മുസ്‌ലിം ലീഗും യൂത്ത് ലീഗും മറുപടി പറയണമെന്ന് മന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിരിച്ച തുകയിൽ നിന്ന് പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് എത്ര നൽകിയെന്നും എങ്ങനെ നൽകിയെന്നും വ്യക്തമാക്കണം. കേസ് നടത്താനാണ് പണം നൽകിയതെങ്കിൽ ഏത് വക്കീലിനാണ് നൽകിയതെന്ന് വെളിപ്പെടുത്തണം. രോഹിത് വെമുലയുടെ കുടുംബത്തിനായി പിരിച്ച തുക എങ്ങനെ ചെലവഴിച്ചെന്നും വ്യക്തമാക്കണം. പിരിച്ച തുകയുടെ ഇനംതിരിച്ചുള്ള കണക്ക് പാർട്ടിപത്രത്തിൽ പ്രസിദ്ധീകരിക്കണം. കണക്ക് ബോധിപ്പിക്കേണ്ടെന്ന ധിക്കാരം അനുവദിക്കാൻ പാടില്ല. സുതാര്യതയില്ലെങ്കിൽ ഇത്തരം പിരിവുകളുമായി രംഗത്തിറങ്ങരുത്. ആരോപണങ്ങൾ ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കും. ആർഭാട ജീവിതം നയിക്കുന്ന ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ വരുമാനവും വിദേശയാത്രകളും പരിശോധിക്കണം. പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും സമീപകാലത്ത് ലീഗിൽ തുടങ്ങിയ പ്രതിഭാസമാണ്. എം.പി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനം അംഗീകരിച്ചാൽ യൂത്ത് ലീഗിന്റെ സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിക്കില്ലെന്ന് ഇവരുമായി കുഞ്ഞാലിക്കുട്ടി കരാറിലേർപ്പെട്ടിട്ടുണ്ട്.